ആലപ്പുഴ : കൊറോണ വൈറസിന്റെ അതിരൂക്ഷമായ കെടുതി അനുഭവിക്കുന്ന ആലപ്പുഴയുടെ തീര പ്രദേശങ്ങളിൽ ചരിത്ര ദൗത്യമേറ്റെടുത്ത് ആലപ്പുഴ രൂപത മെത്രാൻ ജയിംസ് ആനപറമ്പിൽ. കൊറോണ മരണം തുടർക്കഥയാകുമ്പോൾ കൊറോണ പ്രോട്ടോക്കോൾ കാനോൻ നിയമങ്ങൾക്കനുസൃതമായി കാലോചിതമായ തീരുമാനം എടുത്തു എന്ന ചരിത്ര ദൗത്യമാണ് നിറവേറ്റപ്പെട്ടത്. മരിച്ചവരെ ആദരവോടെ സംസ്ക്കരിച്ചാണ് മഹാമാരിയുടെ നാളിൽ രൂപത മാത്യകയായത്.
മാരാരിക്കുളം സെന്റ് അഗസ്റ്റിൻസ് പള്ളി ഇടവകയിൽ കൊറോണ ബാധിച്ച് മരണമടഞ്ഞ ത്രേസ്യാമ്മ സെബാസ്റ്റ്യ ( 62 ) ൻ്റെയും കാട്ടൂർ സെന്റ് മൈക്കിൾസ് ഫെറോന ഇടവകയിൽ എട്ട് ദിവസങ്ങൾക്ക് മുൻപ് കൊറോണ ബാധിച്ച് മരിച്ച മറിയാമ്മയുടെയും മൃതദേഹങ്ങൾ വിവിധ സെമിത്തേരിയിൽ ചിതകൂട്ടി ദഹിപ്പിച്ച ശേഷം ചിതാഭസ്മം മൺകുടത്തിലാക്കി ആദരവോടെ അടക്കം ചെയ്തു. കൊറോണ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടു തന്നെ നടത്തിയ ധീരമായ നിലപാടുകൾ ജില്ലാ ഭരണകൂടത്തിന്റെയും പോലീസ് മേധാവിയുടെയും പ്രത്യേക പ്രശംസയ്ക്ക് അർഹമായി.
മാരാരിക്കുളം സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ നടന്ന പ്രത്യേക പ്രാർത്ഥന ചടങ്ങുകൾക്ക് ഇടവക വികാരി ഫാദർ ബർണാഡ് പണിക്കവീട്ടിൽ, സഹ വികാരി യേശുദാസ് അറയ്ക്കൽ ആലപ്പുഴ രൂപത കോവിഡ് – 19 ടാസ്ക് ഫോഴ്സ് വൈദീകരായ ഫാദർ ക്രിസ്റ്റഫർ അർത്ത ശ്ശേരിൽ, ഫാദർ സാംസൺ ആഞ്ഞിലിപറമ്പിൽ ഫാദർ ഫ്രാൻസിസ് കൊടിയനാട്, ഫാദർ സെബാസ്റ്റ്യൻ ജുഡോ, ഫാദർ സ്റ്റീഫൻ പഴമ്പാശ്ശേരിൽ, ഫാദർ സേവ്യർ കുടിയാംശ്ശേരിൽ എന്നിവർ നേതൃത്വം നല്കി.കെഎൽ സി എ ആലപ്പുഴ രൂപത ജനറൽ സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ ഇ.വി.രാജു ഈരേശ്ശേരിൽ,മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. പ്രിയേഷ് കുമാർ, ആരോഗ്യം വിദ്യാഭ്യാസ ചെയർമാൻ കെ.കെ രമണൻ ഹെൽത്ത് വിഭാഗം ജീവനക്കാരായ പ്രശാന്ത്, ബിബീഷ്, ജോസ് എബ്രഹാം, ആരോഗ്യ പ്രവർത്തകർ എന്നിവരും ചടങ്ങുകൾക്ക് സാക്ഷികളായി.
വിശ്വാസ സമൂഹത്തിൻ്റെ ആശങ്ക അകറ്റി കൊണ്ട് സമൂഹത്തിന് മാതൃകയാകുന്ന നിലയിൽ തീരുമാനം എടുത്ത രൂപത മെത്രാൻ ഡോ.ജെയിംസ് ആനപറമ്പിലിനെ മാരാരിക്കുളം സബർമതി ചാരിറ്റബൾ ട്രസ്റ്റ് ചെയർമാൻ രാജു പള്ളിപറമ്പിൽ, നാഷണൽ ഫോറം സോഷ്യൽ ജസ്റ്റിസ് മൈനോറിറ്റി സെൽ ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള, അഡ്വ.വിജയകുമാർ വാലയിൽ എന്നിവർ അഭിനന്ദിച്ചു.