ന്യൂഡെല്‍ഹി: വരുന്ന ആഴ്ചകളില്‍ പ്രതിദിനം പത്ത് ലക്ഷം കൊറോണ പരിശോധനകള്‍ രാജ്യത്ത് നടത്താനാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധനകള്‍ വിപുലമാക്കുന്നതിന് മൂന്ന് ആധുനിക കൊറോണ ലാബുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി. മുംബൈ, കൊല്‍ക്കത്ത, നോയിഡ എന്നിവിടങ്ങളിലാണ് പുതിയ ലാബുകള്‍. ഇവ കൂടി പ്രവര്‍ത്തനസജ്ജമായതോടെ പരിശോധനകള്‍ കൂട്ടാനാകുമെന്ന് മോദി അഭിപ്രായപ്പെട്ടു.
അതേസമയം രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം വൻതോതിൽ ഉയരുന്നു. പതിനായിരത്തിലധികം പ്രതിദിന രോഗബാധ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയിലെ രോഗബാധിതരുടെ എണ്ണം 3,75,799 ആയി ഉയർന്നു. ആകെ കേസുകളുടെ 33 ശതമാനം റിപ്പോര്‍ട്ട് ചെയ്തതും തെക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. ഇവിടെ രോഗബാധ കുതിച്ചുയരുകയാണ്.
ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ പ്രതിദിന രോഗബാധ ഏഴായിരത്തിന് മുകളിലെത്തി. കര്‍ണ്ണാടകത്തിൽ അയ്യായിരത്തിന് മുകളിലും, തെലങ്കാനയില്‍ ആയിരത്തിന് മുകളിലുമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം. ഉത്തര്‍പ്രദേശില്‍ പ്രതിദിന രോഗബാധിതർ മൂവായിരം കടന്നു. ബിഹാര്‍, പശ്ചിമബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളില്‍ രണ്ടായിരത്തിനും മൂവായിരത്തിനുമിടയിലാണ് ഓരോദിവസവുമുള്ള രോഗികളുടെ എണ്ണം.