തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം കൂടിയെങ്കിലും സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ടതില്ലെന്ന് തീരുമാനം. എന്നാൽ രോഗവ്യാപനം കൂടിയ പ്രദേശങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്നാണ് അറിയുന്നത്. ഇന്നു രാവിലെ ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
ഇനി ലോക്ക്ഡൗൺ വന്നാൽ ദിവസ വേതനക്കാർ ഉൾപ്പെടെ നിരവധി ജനങ്ങൾക്ക് ബുദ്ധിമുട്ടാകുമെന്ന വിദഗ്ധ സമിതിയുടെ നിർദേശം പരിഗണിച്ചാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തൽ. ആദ്യ ലോക്ക്ഡൗൺ സംസ്ഥാനത്തെ സാമ്പത്തിക നില തകർത്തെന്നും ഇതിൽ നിന്നും കരകയറാൻ ശ്രമിക്കുന്നതിനിടെ ഇനിയൊരു ലോക്ക് ഡൗൺ കൂടി വന്നാൽ സർക്കാരിനെയും ജനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന അഭിപ്രായമാണ് വീഡിയോ കോൺഫറൻസിലൂടെ നടന്ന ഇന്നത്തെ പ്രത്യേക മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്ത പലരും പ്രകടിപ്പിച്ചത്.
അതേ സമയം കണ്ടെയിൻമെന്റ് സോണുകളിൽ പോലീസ് സാന്നിധ്യം കൂടുതൽ ശക്തമാക്കും. കടകൾ തുറക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ അതാതു ജില്ലാ ഭരണകൂടത്തിന് തീരുമാനമെടുക്കാമെന്നും മന്ത്രിസഭാ യോഗം നിർദേശിച്ചു.
നിയമസഭാ സമ്മേളനം മാറ്റി വച്ചിരിക്കുന്നതിനാൽ ധന ബില്ല് പാസാക്കാൻ ഓർഡിനൻസ് ഇറക്കുന്ന കാര്യത്തിൽ ഗവർണറോട് ശിപാർശ ചെയ്യാനും തീരുമാനിച്ചു.
സർവ്വകക്ഷിയോഗത്തിൽ ഉയർന്ന അഭിപ്രായങ്ങളും വിദഗ്ധരുടെ നിർദ്ദേശങ്ങളും കൂടി പരിഗണിച്ചാണ് തീരുമാനം. സമ്പൂർണ്ണ അടച്ചിടൽ ജനജീവിതത്തെ കൂടുതൽ ദുരിതത്തിലാക്കുമെന്ന അഭിപ്രായങ്ങൾ ശരിയാണെന്നാണ് സർക്കാരിന്റെയും നിലപാട്. അതേസമയം രോഗവ്യാപനതോത് കൂടിയ പ്രദേശങ്ങളിൽ ഒരു എക്സിറ്റ് ഒരു എൻട്രി പോയിൻറുകൾ എന്നത് തുടരും.
രോഗവ്യാപനത്തിൽ ഓരോ പ്രദേശങ്ങളുടേയും പൊതുസാഹചര്യം പരിഗണിച്ച് ജില്ലയുടെ ചുമതലയുള്ള മന്ത്രിയും കളക്ടറും ചേർന്നുള്ള ജില്ലാതല സമിതി ഇക്കാര്യങ്ങളിൽ അന്തിമതീരുമാനമെടുക്കും. നിലവിലുള്ള ക്ലസ്റ്ററുകൾക്ക് പുറത്തും രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പ്രതിരോധപ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ വേണമെന്ന് കാബിനറ്റ് വിലയിരുത്തി. പരിശോധനകൂട്ടാനും ഫസ്റ്റ് ലൈൻ ചികിത്സാകേന്ദ്രങ്ങൾ കൂടുതൽ തുടങ്ങാനും ധാരണയായി.