ഷാർജയിൽ മലയാളി വിദ്യാർഥിനിയെ കെട്ടിടത്തിൽ നിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തി

ഷാർജ: മലയാളി വിദ്യാർഥിനിയെ അല്‍ താവൂനിലെ കെട്ടിടത്തിൽ നിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ അർധരാത്രിയായിരുന്നു സംഭവം. എറണാകുളം പെരുമ്പാവൂർ വേങ്ങൂർ സ്വദേശി ബിനു പോള്‍–മേരി ദമ്പതികളുടെ മകൾ സമീക്ഷാ പോൾ(15) ആണു ഇവർ താമസിക്കുന്ന അല്‍ താവൂനിലെ ബഹുനില കെട്ടിടത്തിലെ മൂന്നാം നിലയിലെ അപാർട്മെന്റിൽ നിന്നു വീണു മരിച്ചത്. കെട്ടിടത്തിൽ നിന്ന് വീണതായി വിവരം ലഭിച്ചതനുസരിച്ച് ബുഹൈറ പൊലീസെത്തിയാണ് ഗുരുതര നിലയിലായ കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മലയാളി ദമ്പതികളുടെ ഇരട്ട പെണ്‍കുട്ടികളിലൊരാളായ സമീക്ഷ ചാടി ജീവനൊടുക്കിയതെന്നാണ് ആദ്യ വിവരം. പൊലീസ് വിവരമറിയിച്ചപ്പോഴാണ് ഉറങ്ങിക്കിടക്കുകയായിരുന്ന മാതാപിതാക്കൾ സംഭവം അറിയുന്നത്. പുലർച്ചെ 2.35ന് മരണം സംഭവിച്ചു. മൃതദേഹം ഫൊറൻസിക് ലാബിലേയ്ക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു. അജ്മാൻ ഭവൻസ് സ്കൂളിലാണ് പെൺകുട്ടി പഠിച്ചിരുന്നത്. പത്താം ക്ലാസിലേയ്ക്ക് പ്രവേശനം നേടിയിരുന്നു.

കുട്ടിക്ക് യാതൊരു മാനസിക സമ്മർദവും ഇല്ലായിരുന്നുവെന്നും പതിവുപോലെ ഉറങ്ങാൻ പോയതെന്നുമായിരുന്നു മാതാപിതാക്കൾ പറഞ്ഞതെന്ന് ഇരുടെ കുടുംബ സുഹൃത്തുക്കൾ പറഞ്ഞു. ബിനു പോൾ ദുബായിലെ സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. അബുദാബിയിലായിരുന്ന കുടുംബം അടുത്തകാലത്താണ് ഷാർജയിലേയ്ക്ക് താമസം മാറിയെത്തിയത്. സഹോദരി: മെറിഷ് പോൾ.