അഞ്ചു റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയിലേക്കു പുറപ്പെട്ടു; ലഡാക്ക് മേഖലയില്‍ വിന്യസിക്കും

പാരീസ്: ഇന്ത്യയും ഫ്രാന്‍സും തമ്മിലൊപ്പിട്ട റഫാല്‍ യുദ്ധവിമാനക്കരാറിന്റെ ഭാഗമായി ഫ്രാന്‍സില്‍ നിര്‍മിച്ച യുദ്ധവിമാനങ്ങള്‍ ഇന്ത്യയിലേക്കു പുറപ്പെട്ടു. 36 വിമാനങ്ങള്‍ക്കാണ് കരാറുള്ളത്. ഇതില്‍ നിര്‍മാണം പൂര്‍ത്തിയായ അഞ്ചു വിമാനങ്ങളാണ് ഇപ്പോള്‍ ഇന്ത്യയിലെത്തുന്നത്. ബുധനാഴ്ച്ചയായിരിക്കും വിമാനങ്ങള്‍ ഇന്ത്യയിലെത്തുക. ഹരിയാന അമ്പാലയിലെ വിമാനത്താവളത്തില്‍ എത്തുന്ന വിമാനങ്ങള്‍ വൈകാതെ ലഡാക്ക് മേഖലയില്‍ വിന്യസിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫ്രാന്‍സില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രയില്‍ അബുദാബിയിലെ ഫ്രഞ്ച് എയര്‍ബേസില്‍ വിമാനം ഇറങ്ങും. തുറന്ന് ഇന്ത്യയിലേക്കു യാത്ര ആരംഭിക്കും. വിമാനങ്ങള്‍ പറത്താനായി വ്യോമസേനയുടെ 36 പൈലറ്റുമാര്‍ക്കു പരിശീലനം നല്‍കും. ഇതില്‍ 12 പൈലറ്റുമാര്‍ ഇതിനകം പരിശീലനം നേടിക്കഴിഞ്ഞു.

2016 സെപ്റ്റംബറിലാണ് ഫ്രാന്‍സില്‍ നിന്നും 36 വിമാനങ്ങള്‍ വാങ്ങാന്‍ കരാറായത്. അഞ്ചര വര്‍ഷത്തിനുള്ളില്‍ 36 വിമാനങ്ങള്‍ കൈമാറണമെന്നാണ് വ്യവസ്ഥ. മെയ്മാസം അവസാനത്തോടെ രാജ്യത്ത് എത്തേണ്ടിയിരുന്ന ഹഫാല്‍ വിമാനങ്ങള്‍ കൊറോണ പശ്ചാത്തലത്തിലാണ് വൈകിയത്. 36 വിമാനങ്ങളില്‍ 30 എണ്ണം യുദ്ധമുഖത്ത് ഉപയോഗിക്കാനുള്ളതും ആറെണ്ണം പരിശീലനങ്ങള്‍ക്കു വേണ്ടിയുമാണ് ഉപയോഗിക്കുക.