കോട്ടയം: സംസ്ഥാനത്ത് മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് കൊറോണ വൈറസ് രോഗബാധ പടരുന്നത് വീണ്ടും ആശങ്ക സൃഷ്ടിക്കുന്നു. ഏറ്റുമാനൂര്‍ പച്ചക്കറി ചന്തയിലെ 33 പേര്‍ക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചവരിൽ ഏറെയും ഇതര സംസ്ഥാന തൊഴിലാളികളാണ്. ഇന്ന് പ്രദേശത്ത് 50 പേര്‍ക്കാണ് ആന്റിജൻ പരിശോധന നടത്തിയത്. ഇത്രയും കൂടുതൽ പേര്‍ക്ക് രോഗബാധയുണ്ടായ സാഹചര്യത്തിൽ പ്രദേശത്ത് സ്ഥിതി അതീവഗുരുതരമാണ്. ഈ സാഹചര്യത്തിൽ മാർക്കറ്റിലെ കൂടുതൽ തൊഴിലാളികളിൽ കൂടി ആന്റിജൻ ടെസ്റ്റ് നടത്താനുള്ള നീക്കത്തിലാണ് ആരോഗ്യവിഭാഗം.
ജില്ലയില്‍ ഇന്നലെ 54 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചപ്പോള്‍ 38 പേര്‍ക്കു രോഗമുക്തി. കൊറോണ സ്ഥിരീകരിച്ചവരില്‍ 41 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണു രോഗം. 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നും ഒരാള്‍ വിദേശത്തുനിന്നും വന്നവരാണ്. കുമരകം സൗത്തില്‍ നേരത്തേ രോഗം സ്ഥിരീകരിച്ചയാളുടെ ഭാര്യയ്ക്കും മകള്‍ക്കും മാതാപിതാക്കള്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.തെങ്ങണയിലെ ഒരു കുടുംബത്തിലെ രണ്ടു പേരും ചീരംചിറയില്‍ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന എഴുപതുകാരനും ഭാര്യയും മൂലവട്ടത്ത് സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന അറുപത്തൊന്നുകാരനും ബന്ധുവായ യുവാവും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു.
ബെംഗളൂരുവില്‍നിന്ന് 14നു കാറില്‍ നാട്ടിലെത്തി ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന വൈക്കം ടിവിപുരത്തെ ഒരു കുടുംബത്തിലെ രണ്ടു വയസ്സുള്ള കുട്ടി ഉള്‍പ്പെടെ 5 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഒരാള്‍ ഉള്‍പ്പെടെ 38 പേര്‍ രോഗമുക്തരായി. ജില്ലയിലെ 414 പേരാണ് കോവിഡ് ബാധിച്ച് വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സയിലുള്ളത്. ജില്ലയില്‍ ഇതുവരെ 868 പേര്‍ക്ക് രോഗം ബാധിച്ചു. 454 പേര്‍ രോഗമുക്തരായി. ഒരാള്‍ മരിച്ചു.
ജില്ലയില്‍ 4 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ 5 വാര്‍ഡുകള്‍കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കലക്ടര്‍ എം. അഞ്ജന ഉത്തരവിട്ടു. വൈക്കം നഗരസഭയിലെ 13ാം വാര്‍ഡ്, കുമരകം പഞ്ചായത്തിലെ 10, 11 വാര്‍ഡുകള്‍, മറവന്തുരുത്തിലെ ഒന്നാം വാര്‍ഡ് , കുറിച്ചിയിലെ 20ാം വാര്‍ഡ് എന്നിവിടങ്ങളിലാണ് പ്രത്യേക നിയന്ത്രണങ്ങള്‍ പുതിയതായി ഏര്‍പ്പെടുത്തിയത്.