കുതിരവട്ടം മാനസിക ആരോഗ്യകേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് കുറ്റവാളികള്‍ പിടിയിലായി

കോഴിക്കോട്: കുതിരവട്ടം മാനസിക ആരോഗ്യകേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് കുറ്റവാളികള്‍ പിടിയില്‍. നിസാമുദ്ദീന്‍, അബ്ദുൾ ഗഫൂര്‍ എന്നിവര്‍ വയനാട്ടില്‍ നിന്നാണ് പിടിയിലായത്. നേരത്തെ മറ്റൊരു കുറ്റവാളിയായ ആഷിക്കും അന്തേവാസിയായ ഷഹല്‍ ഷാനുവും പിടിയിലായിരുന്നു. കുറ്റവാളികളെ പാര്‍പ്പിക്കുന്ന മൂന്നാം വാര്‍ഡിലെ പ്രത്യേക സെല്ലില്‍ നിന്നാണ് പ്രതികള്‍ പുറത്ത് ചാടിയത്.

മട്ടാഞ്ചേരി സ്വദേശിയായ നിസാമുദ്ദീന്‍ എറണാകുളത്തെ ഒരു കൊലക്കേസിലും പ്രതിയാണ്. ഏത് ബൈക്കിന്‍റേയും പൂട്ട് പൊളിക്കുന്നതിലും ഇയാൾ വിദഗ്ധൻ ആണെന്നാണ് പൊലീസ് പറയുന്നത്. അതിനാല്‍ ബൈക്കുകള്‍ മോഷ്ടിച്ചാണ് ഇവർ കടന്നതെന്നാണ് പൊലീസ് നിഗമനം. ജൂലൈ 22നാണ് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ത്രത്തിൽ നിന്നും പൊലീസിന്റെയും സെക്യൂരിറ്റി ജീവനക്കാരുടേയും കണ്ണ് വെട്ടിച്ച് തടവുകാര്‍ കടന്ന് കളഞ്ഞത്.

അതേസമയം കോഴിക്കോട് കുതിരവട്ടം മാനസിക ആരോഗ്യകേന്ദ്രത്തിൽ മതിയായ സുരക്ഷാ ജീവനക്കാരില്ലെന്നാണ് ആക്ഷേപം. 460ൽ അധികം രോഗികൾ ഉള്ളിടത്ത് വെറും നാല് സെക്യൂരിറ്റി ജീവനക്കാർ മാത്രമാണുള്ളത്. 12 വാർഡുകളിലായി 463 പേരാണ് ഇവിടെ ചികിത്സയിലുള്ളത്. ചട്ടപ്രകാരം ഓരോ വാർഡിനും ഓരോ സുരക്ഷാ ജീവനക്കാരൻ വേണം. നിലവിലുള്ള നാല് സുരക്ഷാ ഉദ്യോഗസ്ഥർക്ക് അഞ്ച് മാസമായി ശമ്പളം ഇല്ലാത്ത അവസ്ഥയാണ്.

കൂടുതൽ സുരക്ഷാ ജീവനക്കാരെ നിയമിക്കണമെന്ന 2018ലെ നിയമസഭാ സമിതി റിപ്പോർട്ട് ഇതുവരെ ഇവിടെ നടപ്പാക്കിയിട്ടില്ല. അധികം സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് സൂപ്രണ്ട് കത്ത് നൽകിയിട്ടും ഇത് വരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.