കുരുവിയടെ ജീവന്‍ രക്ഷിക്കാൻ പോത്തുക്കുടി ഗ്രാമം ഇരുട്ടില്‍ കഴിഞ്ഞത് 35 ദിവസം

ചെന്നൈ: ഒരു കുരുവിയടെ ജീവന്‍ രക്ഷിക്കുന്നതിനായി ഒരു ഗ്രാമം ഇരുട്ടില്‍ കഴിഞ്ഞത് 35 ദിവസം. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ പോത്തുക്കുടി ഗ്രാമത്തിലാണ് സംഭവം. വംശനാശഭീഷണി നേരിടുന്ന പക്ഷിയുടെ ജീവന്‍ രക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു നാട്ടുകാരുടെ തീരുമാനം.

ഗ്രാമത്തിലെ തെരുവ് വിളക്കുകള്‍ കത്തിക്കുന്ന സ്വിച്ച് ബോര്‍ഡിലായിരുന്നു കുരുവി കൂട് കൂട്ടിയത്. കുരുവിയുടെ മുട്ടവിരിയുന്നതുവരെ തെരുവ് വിളക്കുകള്‍ അണയ്ക്കാന്‍ നാട്ടുകാര്‍ തീരുമാനിക്കകയായിരുന്നു. 20കാരനായ വിദ്യാര്‍ഥി കറുപ്പുരാജനാണ് ഇത്തരമൊരാശയം മുന്നോട്ടുവച്ചത്.

സ്വിച്ച് ബോര്‍ഡില്‍ കുരുവിയുടെ മുട്ടകള്‍ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ഇതിന്റെ ചിത്രമെടുത്ത് നാട്ടിലെ വാട്‌സാപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിക്കുകയായിരുന്നു വിദ്യാര്‍ഥി. നൂറോളം കുടുംബങ്ങളുള്ള പ്രദേശത്ത് 35 തെരുവ് വിളക്കുകളാണ് ഉപയോഗിച്ചിരുന്നത്. മുട്ടവിരിയുന്നതുവരെ തെരുവ് വിളക്കുകള്‍ അണച്ചാല്‍ കുരുവിയുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് പ്രദേശവാസികളോട് വിദ്യാര്‍ഥി അഭ്യര്‍ത്ഥിച്ചു. ഈ ആവശ്യം നാട്ടുകാരും ഏറ്റെടുക്കുകയായിരുന്നു. ഇരുട്ടില്‍ പുറത്തിറങ്ങാന്‍ ഭയപ്പെട്ട സ്ത്രീകള്‍ പോലും തെരുവ് വിളക്കുകള്‍ അണച്ച് കുരുവിയെ രക്ഷിക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവച്ചത്.