മാർക്ക്‌ തട്ടിപ്പ് മാഫിയയ്ക്ക് സഹായം; കാലിക്കറ് യൂണിവേഴ്സിറ്റിയിലെ മാർക്ക്‌ രേഖകളുടെ ടാബുലേഷൻ രജിസ്റ്ററുകൾ നഷ്ടപ്പെട്ടു

തിരുവനന്തപുരം: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ സുരക്ഷിതമായി സൂക്ഷിക്കേണ്ട മാർക്ക് രേഖകൾ അടങ്ങിയ ടാബുലേഷൻ രജിസ്റ്ററുകൾ കാണാതായതിൽ ദുരൂഹത. ഇത് വ്യാജ മാർക്ക്‌ തട്ടിപ്പ് മാഫിയയ്ക്ക് സഹായകമാക്കാനെന്ന് ആക്ഷേപമുണ്ട്. എസ്എഫ്ഐ വനിതാ നേതാവിന് 21 മാർക്ക്‌ യൂണിവേഴ്സിറ്റി ദാനമായി നൽകിയ വാർത്ത പുറത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് പുതിയ വിവാദം.

മാർക്ക്‌ ഷീറ്റുകൾ കണ്ടെത്താനാകാത്തതുകൊണ്ട് സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും, ഡ്യൂപ്ലിക്കേറ്റ് മാർക്ക് ലിസ്റ്റുകൾക്കും അപേക്ഷ സമർപ്പിച്ചവർക്ക് മാർക്ക് ലിസ്റ്റ്കൾ നൽകാനാവുന്നില്ല.

82 മാർച്ചിലെ Mscപരീക്ഷയുടെയും, മാർച്ച്‌ 94, 97, വര്ഷങ്ങളിലെ എം.എ പരീക്ഷകളുടെയും മാർക്ക് ഷീറ്റുകൾ കാണാതായിരിക്കുന്നത് കൊണ്ട് അപേക്ഷകരുടെ കൈവശമുള്ള മാർക്ക് ലിസ്റ്റിന്റെ പകർപ്പ് വാങ്ങി യൂണിവേഴ്സിറ്റിയുടെ മുദ്രയും സീലും അടയാളപ്പെടുത്തി നൽകാനാണ് നീക്കം. ഈ രീതി അംഗീകരിക്കുകയാണെങ്കിൽ മാർക്ക് ലിസ്റ്റു രേഖകൾ ബോധപൂർവം നശിപ്പിച്ച ശേഷം പുതിയ മാർക്ക് ലിസ്റ്റുകളും സർട്ടിഫിക്കറ്റുകളും യഥേഷ്ടം നല്കാനാവുന്ന അവസ്ഥ സംജാതമാകും.

അപേക്ഷിച്ചവരുടെ മാർക്ക്‌ അടയാളപ്പെടുത്തിയിരുന്ന ടാബുലേഷൻ ഷീറ്റുകൾ കണ്ടെത്താനാവുന്നില്ലെന്നും മാർക്ക്‌ റെക്കോർഡുകൾ സൂക്ഷിക്കുന്ന ഓഫീസ് മുറിയുടെ അവസ്ഥ ശോചനീയമാണെന്നും, രേഖകളിൽ പലതും പൊടിയും പൂപ്പലും പിടിച്ച്, എലികളും, ഇഴജന്തുക്കളും, ക്ഷുദ്ര ജീവികളും താവളമാക്കിയ സ്ഥലത്ത് സൂക്ഷിച്ചതുകൊണ്ട് മാർക്ക് രേഖകൾ നശിച്ചുപോകാൻ കാരണമാകുന്നതുകൊണ്ട് റെക്കോർഡ്കൾ കണ്ടെത്താനാവുന്നില്ലെന്നും പരീക്ഷാ കൺട്രോളർ സിൻഡിക്കേറ്റിന് നൽകിയ കുറിപ്പിൽ പറയുന്നു.

1937 ൽ സ്ഥാപിച്ച കേരള സർവകലാശാലയുടെ എല്ലാം മാർക്ക് റിക്കാർഡുകളും വളരെ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുമ്പോഴാണ് 1967 ൽ ആരംഭിച്ച കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ മാർക്ക് ഷീറ്റുകൾ സുരക്ഷിതമല്ലെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. രേഖകൾ സൂക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയ ഉത്തരവാദപ്പെട്ടവരെ കണ്ടെത്തുന്നതിന് പകരം അപേക്ഷകർ തന്നെ സമർപ്പിക്കുന്ന പകർപ്പുകളുടെ അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റുകൾ നൽകുന്നത് ക്രമക്കേടുകൾക്ക് കാരണമാകുമെന്നും ഇത് മാർക്ക്‌ തട്ടിപ്പ് മാഫിയയ്ക്ക് സഹായകമാകുമെന്നും സർവകലാശാല ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.