ന്യൂഡെൽഹി: ഡെൽഹിയിൽ കൊറോണ ബാധിതരുടെ എണ്ണം കുറഞ്ഞു തുടങ്ങിയെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. ജൂലായ് 23 മുതൽ 26 വരെയുള്ള തീയതികളിൽ ആശുപത്രികളിൽ പ്രവേശിപ്പിച്ചവരുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. മുൻപ് ഉണ്ടായിരുന്നതിൽ നിന്നും വളരെ കുറവ് ആളുകൾ മാത്രമാണ് ഇപ്പോൾ രോഗ ബാധിതർ ആകുന്നത്. ഇവർ ആശുപത്രിയിൽ എത്താതെ വീടുകളിൽ തന്നെ ചികിത്സ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത് വളരെ ഫലപ്രദമായതിനാൽ വളരെ കുറച്ച് ആളുകളെ മാത്രമേ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതായി വരുന്നുള്ളൂ. ഡെൽഹി കൊറോണ ആപ്പിന്റെ സ്ക്രീൻഷോട്ടും അദ്ദേഹം പങ്കുവെച്ചു.
സജീവ കേസുകളിൽ രാജ്യത്ത് എട്ടാം സ്ഥാനമാണ് ഡെൽഹിക്ക് എന്ന് കഴിഞ്ഞ ദിവസം കെജരിവാൾ പറഞ്ഞിരുന്നു. രോഗത്തിന്റെ കാര്യത്തിൽ ഡൽഹിയിലെ മോശം അവസ്ഥയിൽ നിന്നും ഇപ്പോൾ സ്ഥിതിഗതികൾ മെച്ചപ്പെട്ടു വരുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
ഇന്നലെ 1142 കേസുകളാണ് സ്ഥലത്ത് റിപ്പോർട്ട് ചെയ്തത്. ദിനവും നാലായിരത്തോളം വരെ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്ത് ആയിരത്തോളം എത്തിയത് ആശ്വാസം നൽകുന്നുണ്ട്. 87 ശതമാനം ആണ് സംസ്ഥാനത്തെ നിലവിലെ രോഗവിമുക്തി നിരക്ക്.