സീനിയര്‍ ഉദ്യോഗസ്ഥര്‍ കീഴുദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കരുത്: ഡിജിപി

തിരുവനന്തപുരം: പൊലീസുകാര്‍ ഡ്യൂട്ടിയുടെ ഭാഗമായല്ലാതെ ക്വാറന്റീനില്‍ പോകേണ്ടി വന്നാല്‍ വകുപ്പുതല നടപടികള്‍ നേരിടേണ്ടി വരുമെന്ന ഇടുക്കി എസ്പിയുടെ വിവാദ ഉത്തരവിനെതിരെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ രം​ഗത്ത്. സീനിയര്‍ ഉദ്യോഗസ്ഥര്‍ കീഴുദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന ഉത്തരവുകള്‍ പുറത്തിറക്കരുതെന്ന് ഡിജിപി വ്യക്തമാക്കി. പൊലീസുകാരുടെ മനോവീര്യവും ക്ഷേമവും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുണ്ട്. ഇത്തരം നടപടികള്‍ ജില്ലാ പൊലീസ് മേധാവിമാരില്‍ നിന്ന് ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഡിജിപി നിര്‍ദേശിച്ചു.

കഴിഞ്ഞ ദിവസമാണ് ഇടുക്കി എസ്പി വിവാദ ഉത്തരവ് പുറത്തിറക്കിയത്. പൊലീസുകാര്‍ ഡ്യൂട്ടിയുടെ ഭാഗമായല്ലാതെ ക്വാറന്റീനില്‍ പോകേണ്ടി വന്നാല്‍ വകുപ്പുതല നടപടികള്‍ നേരിടേണ്ടി വരുമെന്നായിരുന്നു ഉത്തരവ്. ഡ്യൂട്ടിയില്‍ നിന്ന് അവധിക്കു പോകുമ്പോള്‍ പൊലീസുകാര്‍ കര്‍ശന കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ഏതെങ്കിലും തരത്തില്‍ ക്വാറന്റീനില്‍ പ്രവേശിക്കേണ്ട വന്നാല്‍ സ്വന്തം നിലയ്ക്ക് ചെലവു വഹിക്കുകയും നടപടിക്കു വിധേയരാകേണ്ടിവരുമെന്നായിരുന്നു സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്. ഈ ഉത്തരവിനെതിരെയാണ് സംസ്ഥാന പൊലീസ് മേധാവി തന്നെ രംഗത്ത് എത്തിയിരിക്കുന്നത്. പൊലീസുകാരുടെ മനോവീര്യവും ക്ഷേമവും ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്വം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുണ്ട്. ഇടുക്കി എസ്പിയുടെ ഉത്തരവിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ഡിജിപി അറിയിച്ചു. സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.