ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യന്ത്രി ശിവരാജ് സിംഗ് ചൌഹാന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. തനിക്ക് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചു എന്നും ക്വാറന്റൈനിൽ പോയതായും മുഖ്യമന്ത്രി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. അദ്ദേഹവുമായി അടുത്ത സമ്പർക്കത്തിൽ ഏർപ്പെട്ട എല്ലാവരെയും ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പരിശോധന നടത്തിയിരുന്നു എന്നും ഫലം വന്നപ്പോൾ പോസിറ്റീവ് ആയി എന്നും അദ്ദേഹം പറഞ്ഞു. താനുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്നവർ എല്ലാം പരിശോധന നടത്തണമെന്നും സ്വയം നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ന് മുതൽ നടക്കുന്ന എല്ലാ കൊറോണ അവലോകനങ്ങൾ സ്ഥിരമായി നടത്തുമെന്നും വീഡിയോ കോൺഫറൻസുകൾ വഴി മീറ്റിംഗുകളിൽ പങ്കെടുക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. ചികിത്സയ്ക്കിടയിലും മധ്യപ്രദേശിലെ കൊറോണ പ്രതിരോധത്തിനു വേണ്ടി തനിക്കാവുന്ന വിധം ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഇന്ത്യയുടെ മൊത്തം വൈറസ് കേസുകൾ 13 ലക്ഷത്തോളം ആയി. 31000 ത്തിലേറെ പേർക്ക് ഇതിനകം ജീവൻ നഷ്ടപ്പെട്ടു. ദിവസേന രോഗം ബാധിക്കുന്നവരുടെ എണ്ണം അമ്പതിനായിരത്തിനടുത്തായി.