സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് പ്രധാന രാഷ്ട്രീയ കക്ഷികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുമ്പോഴും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് പ്രധാന രാഷ്ട്രീയ കക്ഷികൾ. സിപിഎം, കോണ്‍ഗ്രസ്, ബിജെപി അടക്കമുള്ള പാര്‍ട്ടികളാണ് സര്‍വകക്ഷി യോഗത്തില്‍ പൊതു അഭിപ്രായത്തിലെത്തിയത്. ഇപ്പോള്‍ ലോക്ക് ഡൗണ്‍ വേണ്ടതില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിലപാടിനോട് വിവിധ പാർട്ടികൾ യോജിപ്പ് അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഗുണം ചെയ്യില്ലെന്നും പ്രാദേശികമായി നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ് വേണ്ടതെന്നുമാണ് സിപിഎം അഭിപ്രായപ്പെട്ടത്. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ജനങ്ങള്‍ക്കു പലവിധത്തിലും ബുദ്ധിമുട്ടുണ്ടാക്കും. അതു കണക്കിലെടുക്കണം. കൊറോണ വ്യാപനം തടയുന്നതിന് അതത് ഇടങ്ങളില്‍ പ്രാദേശിക നിയന്ത്രണം കടിപ്പിക്കുകയാണ് വേണ്ടതെന്ന് പാര്‍ട്ടി വിലയിരുത്തി.

സമ്പൂര്‍ണ ലോക്ക് ഡൗണിനെ പിന്തുണയ്ക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടിരുന്നു കൊറോണ വ്യാപനം രൂക്ഷമായുന്ന മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുകയാണ് വേണ്ടതെന്ന് ചെന്നിത്തല മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

കൊറോണ വ്യാപനം തടയാന്‍ ലോക്ക്ഡൗണ്‍ വേണമെന്നാണ് ആരോഗ്യ വകുപ്പ് ആവശ്യപ്പെടുന്നത്. വിഎസ് സുനില്‍കുമാര്‍ ഉള്‍പ്പെടെ മന്ത്രിസഭയിലെ ചില അംഗങ്ങളും ഇതേ അഭിപ്രായമാണ് പങ്കുവെച്ചത്. എന്നാല്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നതില്‍ എതിരഭിപ്രായവും ശക്തമാണ്.