അഴിമതി, സ്വജനപക്ഷപാതം; കേരള – എംജി സർവകലാശാലകൾ റദ്ദാക്കിയ ഡിഗ്രികൾ മടക്കി വാങ്ങിയില്ല

തിരുവനന്തപുരം: കേരള, എംജി സർവ്വകലാശാലകൾ മോഡറേഷൻ മാർക്ക് ദാനത്തിലൂടെ വിജയികളായവർക്ക് നൽകിയ ഡിഗ്രി സർട്ടിഫിക്കറ്റുകൾ ഇതു വരെ മടക്കി വാങ്ങിയിട്ടില്ല. അഴിമതിയുടെയും സ്വജനപക്ഷപാതത്തിൻ്റെയും കൂത്തരങ്ങായി മാറിയ സർവ്വകലാശാലകൾ നൽകിയ സർട്ടിഫിക്കറ്റുകളുമായി ചില വിദ്യാർത്ഥികൾ വിദേശത്ത് ജോലിയിൽ പ്രവേശിച്ചതായാണ് അറിയുന്നത്.

കഴിഞ്ഞ ഒക്ടോബറിലാണ് കേരള സർവകലാശാല അനധികൃത മാർഗ്ഗത്തിലൂടെ 23 പേർക്ക് ബി.എ പരീക്ഷാ പാസായതായ ഡിഗ്രി സർട്ടിഫിക്കറ്റുകളും, എം ജി സർവകലാശാല 118 പേർക്ക് ബിടെക് പരീക്ഷ പാസായതായ ഡിഗ്രി സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തത്.

പ്രതിപക്ഷ നേതാവ് ഗവർണർക്ക് നൽകിയ പരാതിയെ തുടർന്ന് , ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അദാലത്തിലൂടെ എം. ജി യും അനധികൃതമായി കേരളയും നൽകിയ ഡിഗ്രി സർട്ടിഫിക്കറ്റുകൾ പിൻവലിക്കുവാൻ തീരുമാനിച്ചെങ്കിലും നാളിതുവരെയും വിദ്യാർഥികളിൽ നിന്ന് സർട്ടിഫിക്കറ്റുകൾ മടക്കി വാങ്ങിയിട്ടില്ല.

അനധികൃതമായി മോഡറേഷൻ നൽകിയ സിൻഡിക്കേറ്റ് തീരുമാനം പിൻവലിക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ ഡിഗ്രികൾ സർവകലാശാലക്ക് ഉടനടി മടക്കി വാങ്ങാവുന്നതാണ്. എന്നാൽ കുട്ടികൾ കോടതിയെ സമീപിച്ചിരിക്കുന്നുവെന്നതിൻറെ മറവിൽ എംജി സർവകലാശാല സർട്ടിഫിക്കറ്റുകൾ പിൻവലിച്ചിട്ടില്ല. കേരള സർവകലാശാല ചട്ടമനുസരിച്ച് സെനറ്റിന് മാത്രമാണ് സർട്ടിഫിക്കറ് പിൻവലിക്കുവാൻ അധികാരമുള്ളത്. കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ ചേർന്ന സെനറ്റ് യോഗത്തിൽ ഈ ഡിഗ്രികൾ പിൻവലിക്കുന്നത് സംബന്ധിച്ച് തീരുമാനം കൈകൊള്ളാൻ തയ്യാറായില്ല.

അനധികൃതമായി നൽകിയ ഡിഗ്രി സർട്ടിഫിക്കറ്റുകൾ ഉടനടി പിൻവലിക്കുമെന്ന് വൈസ് ചാൻസലർമാർ ഗവർണറെ അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ ഡിഗ്രി സർട്ടിഫിക്കറ്റുകൾ പിൻവലിക്കാത്ത സർവകലാശാലകളുടെ ഗുരുതരമായ വീഴ്ച സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തിയുണ്ട്.