കൊറോണ രോഗികളുടെ എണ്ണം കൂടുന്നു; പരിചരിക്കാൻ ആയുർവേദ, ഹോമിയോ, ആയുഷ്, ദന്ത ഡോക്ടർമാരും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനം തീവ്രഘട്ടത്തിലേക്ക് എത്തിയ സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി സർക്കാർ. നിലവിൽ കൊറോണ ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം പതിനായിരം കടന്നതോടെ നൂറുകണക്കിന് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളാണ് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ഒരുങ്ങുന്നത്.

ഇത്രയും ഇടങ്ങളിൽ വിന്യസിക്കാൻ ആവശ്യമായ ആരോ​ഗ്യപ്രവ‍ർത്തകർ ആരോ​ഗ്യവകുപ്പിന് കീഴിൽ ഇല്ലെന്നാണ് നിലവിലുയരുന്ന പ്രശ്നം. ഈ സാഹചര്യത്തിൽ വിവിധ മെഡിക്കൽ വിഭാ​ഗങ്ങളിൽ നിന്നുള്ളവരേയും ഫൈനൽ ഇയ‍ർ മെഡിക്കൽ വിദ്യാ‍ത്ഥികളേയും പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലടക്കം വിന്യസിക്കാനാണ് സർക്കാ‍ർ തീരുമാനം. ആയൂ‍ർവേദ ഡോക്ട‍ർമാ‍ർ, ഹോമിയോ ഡോക്ട‍മാർ, ആയുഷ് ഡോക്ട‍ർമാ‍ർ, ദന്തഡോക്ട‍മാർ എന്നിവരെല്ലാം ഇനി കൊറോണ ചികിത്സയ്ക്കായി നിയോ​ഗിക്കാൻ ആരോ​ഗ്യവകുപ്പ് തീരുമാനിച്ചു.

സംസ്ഥാനത്തെ വിവിധ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലാവും ഇവരെ ഡ്യൂട്ടിക്കായി നിയോ​ഗിക്കുക. തിരക്കില്ലാത്ത കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഒ.പി ചുരുക്കി. അവിടെ നിന്നുള്ള ആരോഗ്യ പ്രവർത്തകരെ കൊറോണ ചികിത്സയ്ക്ക് നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്. മെഡിക്കൽ ഓഫീസർമാ‍ർ, ആയുഷ്/ദന്തൽ സ‍ർജൻമാ‍ർ, സ്റ്റാഫ് നഴ്സുമാർ, ലാബ് ടെക്നീഷ്യൻസ്, ഫാ‍ർമസിസ്റ്റുകൾ, വിവിധ മെഡിക്കൽ കോഴ്സുകൾ ചെയ്യുന്ന അവസാന വ‍ർഷ വിദ്യാർത്ഥികളും ഇനി കൊവിഡ് കെയ‍ർ കേന്ദ്രങ്ങളിൽ ഡ്യൂട്ടിക്കായി എത്തും.