മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം പേരൂര്‍ക്കട പോലീസ് ക്ലബ്ബിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. ഔദ്യോഗിക ചോദ്യം ചെയ്യലാണോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ എന്‍ഐഎ അറിയിച്ചിട്ടില്ല. നാലുമണിയോടെയാണ് ശിവശങ്കരന്‍ വീട്ടില്‍ നിന്ന് പൊലീസ് ക്ലബ്ബിലേക്ക് എത്തിയത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഗൂഡാലോചന നടന്ന ഫ്‌ളാറ്റുകളില്‍ എം ശിവശങ്കറിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഇക്കാര്യങ്ങളാകും അന്വേഷണ സംഘം ചോദിച്ചറിയുക.

രണ്ട് ദിവസം മുന്‍പ് എന്‍ഐഎ ഇതുമായി ബന്ധപ്പെട്ടുള്ള സൂചനകള്‍ നല്‍കിയിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന തരത്തിലുള്ള ചില തെളിവുകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചിരുന്നു. സ്വര്‍ണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിയാം എന്ന് മൊഴി നല്‍കിയത് സരിത്ത് മാത്രമാണ്. സന്ദീപും സ്വപ്‌നയും സ്വര്‍ണക്കടത്ത് ശിവശങ്കറിന് അറിയില്ലെന്നായിരുന്നു മൊഴി നല്‍കിയിരുന്നത്.

ഒരാഴ്ച മുമ്പ് കസ്റ്റംസ് ശിവശങ്കറിനെ ഏഴു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇതിൽ നിർണായകമായ ചില വിവരങ്ങൾ ലഭിച്ചെന്ന് സൂചനയുണ്ടായിരുന്നു.