തിരുവനന്തപുരം: നിയമസഭാ സമ്മേളനം മാറ്റി വെക്കുന്നത് സംബന്ധിച്ച് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. തലസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ ജൂലൈ 27 ന് സഭ ചേരേണ്ടതില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.
ധനബില്ലിനായി ഓര്‍ഡിനന്‍സ് ഇറക്കുന്നതിനെ കുറിച്ചും ഇന്നത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. കഴിഞ്ഞ ദിവസം നിയമസഭാ സമ്മേളനം മാറ്റി വെക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി മന്ത്രി എ കെ ബാലന്‍ ചര്‍ച്ച ചെയ്തിരുന്നു.
എന്നാല്‍ നിയമസഭാ സമ്മേളനം മാറ്റിവെക്കുന്നത് സര്‍ക്കാരിന്റെ ഒളിച്ചോട്ടമാണെന്ന ആരോപണം പ്രതിപക്ഷത്ത് നിന്ന് ഉയര്‍ന്നു കഴിഞ്ഞു. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ നീക്കത്തിന് തടയിടുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത് എന്നും വിമര്‍ശനമുണ്ട്.
സംസ്ഥാനത്തെ കൊറോണ വ്യാപനം രൂക്ഷമാവുന്നത് സംബന്ധിച്ച കാര്യങ്ങളും മന്ത്രിസഭാ യോഗം ഇന്ന് ചര്‍ച്ച ചെയ്യും. കൊറോണ ബാധിതരുടെ എണ്ണം പ്രതിദിനം ആയിരം കടന്നതോടെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടിവന്നേക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇക്കാര്യം മന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നേക്കും.