സ്വർണക്കടത്ത്; കസ്റ്റംസ് അന്വേഷണ സംഘത്തില്‍ അഴിച്ചുപണി

കൊച്ചി: സ്വർണക്കള്ളക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തില്‍ അഴിച്ചുപണി. കേസന്വേഷിക്കുന്ന പ്രിവൻ്റീവ് വിഭാഗത്തിലെ എട്ട് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. ആറ് സൂപ്രണ്ടുമാരെയും രണ്ട് ഇൻസ്പെക്ടർമാരെയുമാണ് കസ്റ്റംസിലേക്ക് തിരിച്ചുവിളിച്ചത്. ഡെപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞ പശ്ചാത്തലത്തിലാണ് ഉത്തരവെന്നാണ് വിശദീകരണം. പ്രിവൻ്റീവ് വിഭാഗം അതൃപ്തി അറിയിച്ചതായി സൂചന. സ്ഥലം മാറ്റപ്പെട്ടവർക്ക് പകരമായി എട്ട് ഉദ്യാഗസ്ഥരെത്തന്നെ പ്രിവൻ്റീവിലേക്ക് നിയമിച്ചിട്ടുണ്ട്.

അതേസമയം, തിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്തുകേസിൽ എൻഐഎ കസ്റ്റഡിയിലുളള സ്വപ്ന സുരേഷ് അടക്കമുളള മൂന്ന് പ്രതികളെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. ഇതിനുളള അനുമതി ഇന്നലെ ലഭിച്ചിരുന്നു. ദുബായിൽ കഴിയുന്ന മൂന്നാം പ്രതി ഫൈസൽ ഫരീദിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിനുളള നടപടികളും കസ്റ്റംസ് തുടങ്ങും. മുഖ്യമന്ത്രിയുടെ മുൻ ഐ ടി സെക്രട്ടറി എം ശിവശങ്കറിനേയും എൻഐഎ ഉടൻ ചോദ്യം ചെയ്യുമെന്നാണ് വിവരം.

അതേ സമയം യുഎഇ കോൺസലിന്റെ ഗൺമാനായിരുന്ന സിവിൽ പൊലീസ് ഓഫിസർ ജയഘോഷിന്റെ വീട്ടിലും ബന്ധുവീട്ടിലും കസ്റ്റംസ് പരിശോധന നടത്തി. ആക്കുളത്തെ കുടുംബവീട്ടിൽ പരിശോധന നടത്തിയ ശേഷം വട്ടിയൂർക്കാവിലെ ജയഘോഷിന്റെ സ്വന്തം വീട്ടിലും പരിശോധന നടത്തി. ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക സ്രോതസ്സിനെപ്പറ്റിയും അന്വേഷിക്കുന്നുണ്ട്. ഇയാളെ കഴിഞ്ഞദിവസം ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു

നയതന്ത്ര പാഴ്സലിൽ എത്തിയ സ്വർണം കസ്റ്റംസ് തടഞ്ഞുവച്ചു 2 ദിവസത്തിനുള്ളിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനോടു സ്വപ്ന സുരേഷ് സഹായം തേടിയെങ്കിലും നേരിട്ടോ അല്ലാതെയോ അദ്ദേഹം സഹായിച്ചോ എന്ന അന്വേഷണത്തിലാണ് കേന്ദ്ര ഏജൻസികൾ.

സ്വപ്ന നേരിട്ടും മറ്റൊരുടേയോ ഫോൺ ഉപയോഗിച്ചും ശിവശങ്കറിനോടു സഹായം തേടിയിരുന്നു. ബാഗേജ് പുറത്തെത്തിക്കാൻ ഉന്നതർ കസ്റ്റംസിൽ ബന്ധപ്പെട്ടിരുന്നെന്ന വിവരം പുറത്തുവന്നെങ്കിലും ആരൊക്കെയാണു വിളിച്ചതെന്നത് അന്വേഷണസംഘം വെളിപ്പെടുത്തിയിട്ടില്ല.

തിടുക്കം കൂട്ടാതെ അന്വേഷിക്കുക എന്നതാണു എൻഐഎ ഉൾപ്പെടെ കേന്ദ്ര ഏജൻസികളുടെ രീതി. സംസ്ഥാന സർക്കാരും അന്വേഷണഗതി സസൂക്ഷ്മം വീക്ഷിക്കുകയാണ്. ശിവശങ്കറിലേക്ക് ഏത് ഘട്ടത്തിലാണ് അന്വേഷണമെത്തുന്നത് എന്നതാണു സംസ്ഥാന സർക്കാരിന്റെ ശ്വാസഗതി ഉയർത്തുന്നത്. ഇതിനിടെ, ശിവശങ്കർ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവരവും പുറത്തുവന്നു.

ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിനുള്ള പ്രാഥമിക തെളിവുകൾ ലഭിച്ചെങ്കിലും തിടുക്കം വേണ്ടെന്നാണ് എൻഐഎയുടെ തീരുമാനം. കസ്റ്റംസ് ഇദ്ദേഹത്തോടു ചോദിച്ചറി‍ഞ്ഞ വിവരങ്ങളും മറ്റു തെളിവുകളും ചേർത്തുവച്ചു വിശദമായ പഠനത്തിലാണ് ഏജൻസികൾ. സ്വപ്ന നഗരം വിടും മുൻപ് ഫ്ലാറ്റിൽ സന്ദർശിച്ച ചിലരുടെ ദൃശ്യവും അന്വേഷണകർക്കു ലഭിച്ചിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ മേൽനോട്ടമുള്ളതിനാൽ വിവരങ്ങൾ ചോരാതെ പഴുതടച്ചാണ് എൻഐഎ നീങ്ങുന്നത്. കസ്റ്റംസിനും എൻഐഎക്കും പുറമേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) കേസിൽ ഇടപെടുന്നുണ്ട്. റോയും ഐബിയും പ്രതികളെ പലവട്ടം ചോദ്യം ചെയ്തു കഴിഞ്ഞു. എൻഐഎ അന്വേഷിക്കുന്നത് ഭീകരബന്ധമുണ്ടോ എന്നാണെങ്കിൽ സാമ്പത്തിക കുറ്റാന്വേഷണമാണ് ഇഡി നടത്തുന്നത്. ‌ഈ . ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒടുവിൽ സിബിഐയും എത്തിയേക്കുമെന്നാണു വിവരം.