ബംഗലൂരു: കര്‍ണാടകയിലെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന കൊറോണ രോഗി ആശുപത്രിയില്‍ മരിച്ചതോടെ ബന്ധുക്കള്‍ ആശുപത്രിക്കു നേരേ ആക്രമണം അഴിച്ചു വിട്ടു. അക്രമാസക്തരായ ബന്ധുക്കള്‍ ആശുപത്രിയില്‍ കിടന്ന ആംബുലന്‍സ് കത്തിക്കുകയും ഐസിയുവിലുണ്ടായിരുന്ന ഡോക്ടറെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. സംഭവസ്ഥലത്തുണ്ടായ ഒരു കോണ്‍സ്റ്റബിളിനും പരിക്കേറ്റിട്ടുണ്ട്. അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബംഗലൂരുവില്‍ നിന്നും 500 കിലോമീറ്റര്‍ അകലെ ബെലഗവിയിലെ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 55 കാരനായ രോഗിയാണ് ഇന്നലെ കൊറോണ ചികിത്സക്കിടെ മരിച്ചത്. ഗുരുതരമായ ശ്വാസ തടസം മൂലം ജൂലൈ 19 നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊറോണ രോഗികള്‍ മരിക്കുന്നത് പതിവായതോടെ ബിഐഎംഎസ്ആശുപത്രിക്കു നേരേ കല്ലേറുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
ബുധനാഴ്ച്ച കര്‍ണാടകയില്‍ 4764 കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 2050 പേരും ബംഗലൂരുവിലാണ്. സംസ്ഥാനത്ത് 1519 പേര്‍ മരണമടഞ്ഞിട്ടുണ്ട്. ഇതുവരെ 75833 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.