തിരുവനന്തപുരം : ക്ഷേത്രങ്ങളിൽ നാളെ മുതൽ ഭക്തരെ പ്രവേശിപ്പിക്കാൻ തീരുമാനം. കർശന നിയന്ത്രണങ്ങളോടെ ഭക്തരെ ക്ഷേത്രങ്ങളിൽ പ്രവേശിപ്പിക്കാനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചത്.
ക്ഷേത്രത്തിന്റെ നാലമ്പലത്തിൽനിന്ന് ഭക്തർക്ക് തൊഴാൻ അവസരമൊരുക്കും. വഴിപാട് നടത്താം. ശ്രീകോവിലിന് സമീപം ഭക്തർക്ക് പ്രവേശനമില്ല. വഴിപാട് പ്രസാദം ശ്രീകോവിലിന് പുറത്ത് പ്രത്യേക സ്ഥലത്ത് നൽകാൻ സൗകര്യം ഒരുക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു അറിയിച്ചു. നേരത്തെ ക്ഷേത്രങ്ങൾ തുറക്കാൻ തീരുമാനിച്ചെങ്കിലും കോവിഡ് വ്യാപനം കണക്കിലെടുത്ത് തീരുമാനം മാറ്റുകയായിരുന്നു.
ഇത്തവണ ആറന്മുള വള്ളസദ്യ നടത്തില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു അറിയിച്ചു. ഇക്കാര്യം ആറന്മുള പള്ളിയോട സംഘത്തെ അറിയിക്കും. കോവിഡിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഈ വർഷത്തെ ആറന്മുള വള്ളസദ്യ ഓഗസ്റ്റ് നാലിനാണ് നടക്കേണ്ടിയിരുന്നത്.