തിരുവനന്തപുരം : വൻ പദ്ധതി നടപ്പാക്കാനാണ് സ്വർണ്ണക്കടത്ത് പ്രതികൾ വലവിരിച്ചത്. കൊറോണ ഭീതിയില്‍ ലോകമാകെ വിറങ്ങലിച്ചുനില്‍ക്കെ, ആശങ്ക മുതലെടുത്ത് പരമാവധി സ്വര്‍ണം കടത്താന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജന്‍സി. ലോക്ക്ഡൗണ്‍ സാഹചര്യം മുതലെടുക്കാനാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയത്. ഇതിനായി കേസിലെ മുഖ്യ കണ്ണിയായ കെ ടി റമീസ് പ്രതികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി സന്ദീപ് നായര്‍ വെളിപ്പെടുത്തി. എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
കൊറോണയെ തുടര്‍ന്ന് രാജ്യത്തെ സാമ്പത്തിക മേഖല ദുര്‍ബലമായിരിക്കുകയാണ്. ഈ സാഹചര്യം മുതലെടുത്ത് പരമാവധി സ്വര്‍ണം കടത്താനാണ് റമീസ് ആവശ്യപ്പെട്ടത്. ഇതിനായി ഒരുമിച്ച് നീങ്ങാന്‍ റമീസ് നിര്‍ദേശിച്ചു. ഇതിനായി വിദേശത്ത് അടക്കം ഇയാള്‍ ബന്ധപ്പെട്ടുവെന്ന് കേസിലെ നാലാംപ്രതിയായ സന്ദീപ് പറഞ്ഞതായി എന്‍ഐഎ വ്യക്തമാക്കുന്നു.
പിടിയിലാകുന്നതിന് മുമ്പ് ജൂണ്‍ 24, 26 തീയതികളില്‍, നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം പിടികൂടിയ സമാന വഴിയിലൂടെ തന്നെ 27 കിലോയോളം സ്വര്‍ണം പ്രതികള്‍ കേരളത്തിലേക്ക് കടത്തിയെന്നും എന്‍ഐഎ പറയുന്നു. സന്ദീപിന്റെ വാടക വീട്ടില്‍ നിന്നും ഡിജിറ്റല്‍ വീഡിയോ റിക്കോര്‍ഡര്‍ എന്‍ഐഎ കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട ഗൂഡാലോചനയുടെ രഹസ്യയോഗങ്ങളുടെ ദൃശ്യങ്ങളും ഉള്‍പ്പെടുന്നതായാണ് സൂചന.
ഈ ഡിജിറ്റല്‍ വീഡിയോ റിക്കോര്‍ഡര്‍ പരിശോധിക്കുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം. ഈ ഡിവിആറിലെ ദൃശ്യങ്ങള്‍ മായ്ച്ചു കളഞ്ഞിട്ടുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്. നിലവില്‍ പിടിച്ചെടുത്ത ഡിവിആര്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്.