കൊച്ചി: കൊറോണക്കാലത്തെ അണു നശീകരണത്തിൻ്റെ മറവിൽ പണമുണ്ടാക്കാൻ വ്യാജ ഏജൻസികൾ രംഗത്ത്. ആരോഗ്യരംഗത്ത് വൈദഗ്ധ്യമോ മുൻപരിചയമോ സാധാരണ വിദ്യഭ്യാസമോ പോലുമില്ലാത്തവരാണ് ഇതിന് പിന്നിൽ. കൊറോണ ബാധിതരുടെ വീടുകളും പ്രദേശങ്ങളും സ്വകാര്യ ആശുപത്രികളും നോട്ടമിട്ടാണ് വ്യാജ അണുനശീകരണ യൂണിറ്റുകളുമായി ഇവർ രംഗത്തിറങ്ങിയിരിക്കുന്നത്.
സോഡിയം ഹൈപ്പോക്ളോറൈറ്റ് ലായനി ഉപയോഗിച്ചാൽ അണുനശീകരണം സാധ്യമാകുമെന്ന സാധാരണ വിവരം പണമാക്കി മാറ്റാനാണ് ഇവരുടെ ശ്രമം. ഹൈപ്പോക്ളോറൈറ്റ് ഉപയോഗിച്ച് അണു നശീകരണം നടത്തികൊടുക്കുമെന്നതാണ് ഇക്കൂട്ടരുടെ പരസ്യം. വേഗത്തിൽ,കുറഞ്ഞ ചെലവിൽ അണു നശീകരണം എന്ന പരസ്യത്തിലൂടെയാണ് ഇവർ ഉപഭോക്താക്കളെ കണ്ടെത്തുന്നത്.
ഈ വ്യാജ യൂണിറ്റുകൾക്ക് ആരോഗ്യ വകുപ്പിൻ്റെയോ തദ്ദേശ സ്വയം ഭരണ വകുപ്പിൻ്റെയോ അനുമതിയില്ല. എന്നാൽ ചില സ്ഥലങ്ങളിൽ അണു നശീകരണം നടത്തിയതിൻ്റെ പേരു പറഞ്ഞാണ് അടുത്ത കേന്ദ്രങ്ങളിൽ തട്ടിപ്പ് സംഘങ്ങളെത്തുന്നത്. കൃഷിയിടങ്ങളിൽ മരുന്ന് തളിക്കുന്ന ലാഘവത്തോടെയാണ് ഇത്തരം അണുനശീകരണങ്ങൾ.
താമസ സ്ഥലങ്ങൾ,ഓഫീസുകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവ സോഡിയം ഹൈപ്പോക്ളോറൈറ്റ് ലായനി ഉപയോഗിച്ച് അണുനശീകരണം നടത്തികൊടുക്കുന്നതായും “അത്യാഹിത സേവനങ്ങൾ ” നല്കുന്നതായുമുള്ള പരസ്യം ശ്രദ്ധയിൽ പെട്ടതോടെ കൊച്ചിയിലുള്ള സ്ഥാപനത്തെ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിൻ്റെ പിന്നാമ്പുറക്കഥകൾ വ്യക്തമായത്.
ഫ്രാഞ്ചൈസിക്കായാണ് വിളിച്ചതെന്നറിഞ്ഞപ്പോൾ പെരുത്ത സന്തോഷം. ഫ്രാഞ്ചൈസി കിട്ടുമോ എന്ന് ചോദിച്ചപ്പോൾ. കേരളത്തിലെവിടേയും നൽകാമെന്നായിരുന്നു മറുപടി. 50 ശതമാനം കമ്മീഷനും ഉറപ്പ് നൽകി. കൊറോണക്കാലത്ത് ലാഭകരമായി മുതൽ മുടക്കിലാതെ തുടങ്ങാൻ പറ്റിയ ബിസിനസ് എന്നാണ് ഇവർ അവതരിപ്പിച്ചത്. പോരാത്തതിന് വരും ദിവസങ്ങളിൽ സാധ്യതയേറും.
ചുരുങ്ങിയ കാലം കൊണ്ട് പണമുണ്ടാക്കാം രണ്ടോ മൂന്നോ ഇതര സംസ്ഥാന തൊഴിലാളികൾ മാത്രം മതി ജോലിക്ക്. ദിവസവും നല്ല ഒരു തുക പോക്കറ്റിൽ കിടക്കും. പിപിഇ കിറ്റ് ധരിക്കണമെന്നതിനാൽ വിശ്വാസ്യത കൂടും. ഒരു തവണ ഉപയോഗിച്ച കിറ്റ് സൂക്ഷിച്ച് ഉപയോഗിച്ചാൽ കുറഞ്ഞത് പത്ത് തവണ വരെ ഉപയോഗിക്കാം. കിറ്റിട്ടാൽ എലാ അർഥത്തിലും സുരക്ഷിതവുമാണ്. വാക്ചാതുരിയിൽ ആരും വീഴും.
മേഖലാടിസ്ഥാനത്തിലോ ജില്ലകളിലോ ഫ്രാഞ്ചൈസിക്ക് എത്ര യൂണിറ്റുകൾ വേണമെങ്കിലും തുടങ്ങാം. കേരളത്തിലെ ചില സ്ഥലങ്ങളിലെ ഇത്തരം ‘പേരെടുത്ത’ സ്ഥാപനങ്ങളെക്കുറിച്ചും ഇവർ പരാമർശിച്ചു. നിങ്ങൾ “ആത്മാർഥമായി സഹകരിച്ചാൽ നമ്മുടെ കമ്പനിയും വളരും. നല്ല സാഹചര്യമാണ്. നഷ്ടപ്പെടുത്തരുത്. ” എന്നായിരുന്നു ഉപദേശം.
“വീടുകളിൽ രോഗം ബാധിച്ചവരും വിദേശത്ത് നിന്ന് മടങ്ങിയെത്തി വൈറസ് ബാധിച്ചവരും താമസസ്ഥലം അണു നശീകരണം നടത്താൻ ആളെ കിട്ടാതെ തപ്പി നടക്കുകയാണ്. ചോദിക്കുന്ന പണം കിട്ടും. നന്നായി സ്പ്രേ ചെയ്ത് വീട്ടുകാർക്ക് ഇഷ്ടമായാൽ പുതിയ ഓഡറും കിട്ടും. ആകെ വേണ്ടത് ഒരു സ്പ്രെയറും തളിക്കാനുള്ള മരുന്നുമാണ്. മരുന്ന് പ്രധാനമാണ്. കമ്പനിയുടെ ബ്രാൻഡഡ് ഐറ്റമാണ്.ഇതിനാണ് നല്ല വില. സ്പ്രെയർ വാടകയ്ക്ക് തരാം.”
എന്തായാലും ഒന്നു വ്യക്തമായി ഇത്തരം അംഗീകാരമില്ലാത്ത അണുനശീകരണ കച്ചവടങ്ങൾ പണം കൊയ്യുകയാണ്. മാത്രമല്ല, ഇവർക്ക് വിദഗ്ദ്ധരുടെ മേൽനോട്ടമോ തുടർ പരിശോധനകളോ ഇല്ലെന്നതിനൊപ്പം ധാരാളം അവസരങ്ങളും ലഭിക്കുന്നു.
അണു നശീകരണത്തിൻ്റെ വിഹിതം ചിലർക്കൊക്കെ കൊടുത്താൽ ഓഡറുകൾ താനെയെത്തുമെന്നും അവസരം നോക്കി കൈകാര്യം ചെയ്താൽ മതിയെന്നും ‘വിദഗ്ധാഭിപ്രായവും ‘ നൽകി. എറണാകുളത്തെ കലൂർ കേന്ദ്രീകരിച്ച് മുമ്പ് “മൂട്ടമരുന്ന് സ്പ്രേ ” തട്ടിപ്പ് നടത്തിയ രീതിയിലാണ് അണുനശീകരണ കമ്പനികളും രംഗത്തിറങ്ങിയിരിക്കുന്നത്. മൂട്ട മരുന്ന് നൽകി പ്രശസ്തമായ സ്ഥാപനങ്ങളെ പറ്റിച്ചവർക്കെതിരേ പരാതി നൽകാൻ നാണക്കേട് ഭയന്ന് സ്ഥാപനങ്ങൾ പിൻമാറുകയായിരുന്നു.
അണു നശീകരണത്തിൽ യാതൊരു ഗ്രാഹ്യമോ ആരോഗ്യ, അണുനശീകരണ പ്രോട്ടോകോളുകളെ കുറിച്ച് അറിവോ ഇല്ലാത്ത ഇക്കൂട്ടരെ കൈയോടെ പിടികൂടിയില്ലെങ്കിൽ പല “സ്വപ്ന പദ്ധതികളും” അരങ്ങേറും. വകപ്പും ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പുകൾ ഇത്തരം വ്യാജൻമാർക്കെതിരേ നടപടിയെടുക്കണമെന്ന് ആരോഗ്യ പ്രവർത്തകരടക്കം ആവശ്യപ്പെടുന്നു.