ന്യൂഡെൽഹി: രാജ്യത്ത് കൊറോണ വ്യാപനത്തെ തുടർന്ന് രോഗികളുടെ എണ്ണം ആശങ്കാജനകമായി വർധിക്കുന്ന പശ്ചാത്തലത്തിൽ
പ്രതിരോധനടപടികൾ കർശനമാക്കി വിവിധ സംസ്ഥാനങ്ങൾ. മധ്യപ്രദേശിലെ ഭോപ്പാലിൽ പത്തു ദിവസത്തേക്ക് സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.
മണിപ്പൂർ പതിനാല് ദിവസത്തേക്കാണ് സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചത്. നാളെ ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് സംസ്ഥാനത്ത് ലോക് ഡൗൺ നിലവിൽ വരിക.
ഡെൽഹിയിൽ 24 മണിക്കൂറിന് ഇടയിൽ 1227 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 29 പേർ മരിച്ചു. 1,26,323 രോഗികളാണ് ഡെൽഹി ആകെയുള്ളത്. ഇതിൽ നിലവിൽ 14,954 രോഗികൾ ചികിത്സയിൽ ഉണ്ട്.
കൊറോണ രോഗികൾ ഏറ്റവും കൂടുതലുള്ള മഹാരാഷ്ട്രയിൽ 10,576 പുതിയ രോഗികളാണ് 24 മണിക്കൂറിനിടെയുണ്ടായത്. 3,37,607 പേർക്ക് സംസ്ഥാനത്ത് ഇതുവരെ രോഗബാധയുണ്ടായി. 280 പേർ കൂടി മരിച്ചതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12,556 ആയി. മുംബൈയിൽ മാത്രം 1310 പേരാണ് ഇന്ന് രോഗബാധിതരായത്. 58 പേർ മരിച്ചു.
അതേ സമയം കർണാടകത്തിൽ കൊറോണ മരണം 1500 കടന്നു. ഇന്ന് 55 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 1519 ആയി ഉയർന്നു. കർണാടകത്തിൽ ഇന്ന് 4764 പേർക്ക് കൊറോണ ബാധിച്ചു. ബംഗളുരുവിൽ മാത്രം 2050 പേർക്ക് രോഗബാധയുണ്ടായി. ഇതോടെ ബംഗളുരുവിൽ ചികിത്സയിലുള്ളവരുടെ എണ്ണം കാൽ ലക്ഷം കടന്ന് 27,969 ആയി. ആകെ 75833 രോഗികളാണ് സംസ്ഥാനത്തുളളത്. ഇതിൽ 47069 പേരാണ് ചികിത്സയിലുള്ളത്.