തിരുവനന്തപുരം: സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷ എഴുതിയ രണ്ടു വിദ്യാര്‍ഥികൾക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ ഒരാൾക്കും കൊല്ലം ജില്ലയിലെ മറ്റൊരു വിദ്യാർഥിക്കുമാണ് രോഗബാധ. ഇതോടെ ജില്ലയില്‍ മാത്രം പ്രവേശന പരീക്ഷ എഴുതി കൊറോണ സ്ഥിരീകരിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം മൂന്നായി. സംസ്ഥാനത്ത് ഇതുവരെ അഞ്ച് വിദ്യാര്‍ഥികള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇന്നലെ കോഴിക്കോട് ഒരു വിദ്യാര്‍ഥിക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരത്ത് വന്ന് പരീക്ഷ എഴുതിയ കൊല്ലം സ്വദേശിനിക്കാണ് ഇന്ന് രോഗബാധ കണ്ടെത്തിയത്.
വലിയതുറ സെന്റ് ആന്റണീസ് സ്‌കൂളില്‍ പരീക്ഷ എഴുതിയ 17കാരനാണ് കൊറോണ സ്ഥിരീകരിച്ചത്.പൂന്തുറ സ്വദേശിയായ ഈ കുട്ടിയുടെ അമ്മയ്ക്ക് കൊറോണ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മകനിലും പരിശോധന നടത്തുകയായിരുന്നു. സമ്പര്‍ക്കരോഗികളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് വലിയ തുറ നേരത്തെ തന്നെ കണ്ടെയന്‍മെന്റ് സോണിലാണ്. അതുകൊണ്ട് തന്നെ വേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയാണ് പരീക്ഷ നടത്തിയത്. ഇന്‍വിജിലേറ്റര്‍മാരും അധ്യാപകരും പിപിഇ കിറ്റ് ധരിച്ചാണ് പരീക്ഷാ കേന്ദ്രത്തില്‍ എത്തിയത്.
നിലവില്‍ സെന്റ് ആന്റണീസ് സ്‌കൂളില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്ക് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഒപ്പം പരീക്ഷ എഴുതിയ വിദ്യാര്‍ഥികളും അധ്യാപകരും നിരീക്ഷണത്തില്‍ പോകും. കൂടാതെ ഈ കുട്ടി നിരവധിപ്പേരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്നാണ് പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ സമ്പര്‍ക്കപ്പട്ടിക വിപുലമാകാന്‍ സാധ്യതയുണ്ട്.