കൊച്ചി: എറണാകുളം ജില്ലയുടെ തെക്കൻ മേഖലകളിൽ രാത്രി വൈകിയും രൂക്ഷമായ കടൽകയറ്റം. ടിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള ചെല്ലാനം പഞ്ചായത്തിലെ വാച്ചാക്കൽ കടപ്പുറം മുതൽ കോര്‍പ്പറേഷന്‍ മേഖലയായ മാനാശ്ശേരി ,സൗദി വരെയുള്ള വാർഡുകളിലുള്ള 17.5 കിലോമീറ്റർ പ്രദേശത്താണ് കടൽവെള്ളം ഉയർന്നുപൊങ്ങി കരയിലേക്ക് കയറിയത്.
കടല്‍ ഭിത്തിക്കു മുകളിലൂടെ കടല്‍ കവിഞ്ഞൊഴുകുകയായിരുന്നു. രാവിലത്തെക്കാൾ രൂക്ഷമാണ് രാത്രിയിൽ അനുഭവപ്പെടുന്ന കടൽകയറ്റമെന്ന് പ്രദേശവാസികൾ പറഞ്ഞു.വൈറസ് ബാധയും കടലേറ്റവും പട്ടിണിയും ചൊല്ലാനം പ്രദേശവാസികളെ അക്ഷരാർഥത്തിൽ വലച്ചിരിക്കുകയാണ്.
ശക്തമായ വേലിയേറ്റത്തിൽ ഒമ്പതു വീടുകൾ പൂർണമായും തകർന്നു. പ്രദേശത്തെ രണ്ടായിരത്തിലധികം വീടുകളിൽ വെള്ളം കയറി. നിരവധി വീടുകളുടെ സംരക്ഷണഭിത്തികൾ പൂർണമായും തകർന്നു. ഞായറാഴ്ച മുതൽ തീരദേശവാസികൾ കടൽകയറ്റ ഭീഷണിയിലാണ്. തിങ്കളാഴ്ച രാവിലെ ഒമ്പതുമുതൽ നാലു മണിക്കൂറിലേറെ കടൽകയറ്റത്തിൻ്റെ ദുരിതം ജനങ്ങളനുഭവിച്ചു.
ചെല്ലാനത്തേക്കുള്ള പ്രധാന യാത്രാമാർഗമായ ചെല്ലാനം – പാണ്ടിക്കുടി റോഡ് പല സ്ഥലങ്ങളിലും കടല്‍ വെള്ളത്തില്‍ മുങ്ങി. മഹാമാരിയുടെ ഭീതിയില്‍ വീടുകളില്‍ അടചിരിക്കുന്ന ചെല്ലാനം നിവാസികള്‍ക്ക് രക്ഷപെടുവാന്‍ മാർഗമില്ലാത്ത അവസ്ഥയാണ്. മുമ്പൊക്കെ കടല്‍ കയറുമ്പോള്‍ മറ്റു പ്രദേശങ്ങളിലെ ബന്ധുവീടുകളിലും സകൂള്‍ ഹാളുകളിലുമാണ് ജനങ്ങള്‍ അഭയം പ്രാപിച്ചിരുന്നത്.
അതേ സമയം പ്രദേശത്ത് ഭക്ഷണമോ അടിയന്തിര സഹായമോ എത്തിക്കാൻ അധികൃതർ നടപടിയെടുക്കാത്തതിൽ ജനങ്ങൾ ഏറെ ദുരിതത്തിലാണ്.
20 വര്‍ഷങ്ങളിലേറെയായി കടല്‍ ഭിത്തിയുടെ അറ്റകുറ്റപ്പണികള്‍ നടക്കാത്തതും കടല്‍ ഭിത്തി തീര്‍ത്തും തകര്‍ന്ന സ്ഥലങ്ങളില്‍ പോലും സംരക്ഷണ ഭിത്തി നിര്‍മ്മിക്കാത്തതും കാലാവസ്ഥാ വ്യതിയാനവുമാണ് കാലാക്രമണത്തിന് കാരണമെന്ന് പശ്ചിമ കൊച്ചി തീരസംരക്ഷണ സമിതി കൺവീനർ ഡാൽഫിൻ പറഞ്ഞു. കടല്‍ ഭിത്തിയുമായി ബന്ധപ്പെട് പശ്ചിമ കൊച്ചി തീരസംരക്ഷണ സമിതി ഹൈകോടതിയില്‍ നല്‍കിയ കേസു പരിഗണിക്കവെ കടല്‍ ക്ഷോഭമുണ്ടായാല്‍ നേരിടുന്നതിനുള്ള മുന്‍കരുതല്‍ എന്തെന്ന് കോടതിയുടെ ചോദ്യത്തിന് ചെല്ലാനത്തെ സ്‌കൂളും കമ്മ്യൂണിറ്റി ഹാളുകളും ഇതിനായി ഒരുക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. പുനരധിവാസത്തിന് യാതൊരു നടപടികളും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.
സര്‍ക്കാര്‍ അടിയന്തിര രക്ഷാ സംവിധാനങ്ങള്‍ ഒരുക്കി
ചെല്ലാനം നിവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് ചെല്ലാനം സെൻറ് ജോർജ് പള്ളി വികാരി ഫാ.അലക്സ് കൊച്ചീക്കാരൻ ആവശ്യപ്പെട്ടു. മൂന്നാഴ്ചയിലധികമായി തൊഴിലുപേക്ഷിച്ച് വീട്ടുകളില്‍ കഴിച്ചു കൂട്ടുന്ന ജനങ്ങള്‍ രോഗവ്യാപനത്തിന്റെ ഭീഷണിക്കു പുറമേ കടലാക്രമണത്തിന്റെയും പട്ടിണിയുടെയും പിടിയില്‍ ദുരിതത്തിലായിരിക്കുകയാണ്.
വൈപ്പിന്‍ തീരപ്രദേശത്തും കടല്‍കയറ്റം ശക്തമായി തുടരുന്നു. ചാത്തങ്ങാട് , പഴങ്ങാട്, അണിയല്‍, നായരമ്പലം എന്നീ ഭാഗത്താണ് കടല്‍കയറ്റം ശക്തമായി തുടരുന്നത്. ചാത്തങ്ങാട് മുതല്‍ എടവനക്കാട് അണിയല്‍ വരെ തീരദേശറോഡ് തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായി. ഇടിഞ്ഞ് താണുപോയ കടല്‍ഭിത്തിക്ക് മുകളിലൂടെ തിരമാലകള്‍ കയറാതിരിക്കാന്‍ ആഴ്ചകള്‍ക്ക്മുന്‍പ് 28ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച ജിയോബാഗുകളും തിരമാലകള്‍ അടിച്ച് തകര്‍ത്തു.
എടവനക്കാട് മേഖലയില്‍ കടല്‍ ആക്രമണത്തെ തുടര്‍ന്ന് 50 വീടുകളുടെ വളപ്പുകളില്‍ വെള്ളം കയറി. അണിയല്‍ കടപ്പുറം മുതല്‍ എടവനക്കാട് കടപ്പുറം വരെയുള്ള മേഖലയിലാണ് കടല്‍ ക്ഷോഭം രൂക്ഷമായത്. വേലിയേറ്റ സമയത്ത് തിരമാലകള്‍ ഉയര്‍ന്ന് കടല്‍ഭിത്തിക്ക് മുകളിലൂടെ കരയിലേക്ക് ഒഴുകുകയായിരുന്നു. തീരദേശറോഡിലൂടെ ഒഴുകിയെത്തിയ വെള്ളമാണ് വീട്ടുവളപ്പിലേക്ക് ഒഴുകിയത്. .കൂട്ടുങ്ങല്‍ചിറ, പഴങ്ങാട് ഭാഗത്ത് കടല്‍ഭിത്തിയില്ലത്ത മേഖലയിലും അണിയല്‍ ഭാഗത്ത് കടല്‍ഭിത്തി തകര്‍ന്ന് കിടക്കുന്ന മേഖലയിലും 100 മീറ്ററോളം കരയിലേക്ക് കടല്‍വെള്ളമൊഴുകി.