ലക്നൗ : മധ്യപ്രദേശ് ഗവർണർ ലാൽജി ടണ്ടൻ അന്തരിച്ചു. അദ്ദേഹത്തിന് 85 വയസായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. സംസ്ക്കാരം വൈകുന്നേരം 4.30 ന് ഗുലാലഘട്ട് ശ്മശാനത്തിൽ. പിതാവിന്റെ വേർപാട് ലാൽജി ടണ്ടന്റെ മകൻ അശുതോഷ് ടണ്ടനാണ് ട്വീറ്റ് ചെയ്തത്.
കഴിഞ്ഞയാഴ്ചയാണ് ലാൽജി ടണ്ടനെ ലക്നൗവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശം, വൃക്ക, കരൾ എന്നിവ ശരിയായി പ്രവർത്തിക്കാത്തതിനാൽ അദ്ദേഹത്തിന്റെ നില വഷളായതായി ഡോക്ടർമാർ പറഞ്ഞിരുന്നു. വെന്റിലേറ്റർ സഹായത്തോടെയാണ് ലാൽജി ടണ്ടൻ്റെ ജീവൻ നിലനിർത്തിയിരുന്നത്.ഇന്ന് പുലർച്ചെ ആരോഗ്യനില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.
ഉത്തർപ്രദേശിലെ കല്യാൺ സിംഗ് സർക്കാരിൽ മന്ത്രിയായിരുന്നു. പിന്നീട് ബിജെപി-ബിഎസ്പി സഖ്യത്തിൽ മായാവതി ഭരണത്തിൽ നഗരവികസന മന്ത്രിയായിരുന്നു. ലാൽജി ടണ്ടൻ്റെ വേർപാടിൽ ഉത്തർപ്രദേശിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു.
ടണ്ടൻ്റെ വേർപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സമൂഹത്തെ സേവിക്കാനുള്ള അശ്രാന്ത പരിശ്രമത്തിന് ലാൽജി അനുസ്മരിക്കപെടുമെന്നും അദ്ദേഹം പറഞ്ഞു.