തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ ഗൂഢാലോചനയിലും കുറ്റകൃത്യത്തിലും പങ്കുണ്ടെന്ന് സമ്മതിച്ച് സ്വപ്‌ന സുരേഷ്. എൻഐഎ പ്രതികളെ ഹാജരാക്കിയപ്പോൾ നൽകിയ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കാനും ഭീകരവാദ പ്രവർത്തനത്തിനും കള്ളക്കടത്ത് സംഘം ശ്രമിച്ചതായി സംശയിക്കുന്നതായി റിമാൻഡ് റിപ്പോർട്ടിലുണ്ട്.
കേസിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരത്തിന് പുറമേ മറ്റ് സ്ഥലങ്ങളിലും ഗൂഢാലോചന നടന്നു. കേസിലെ മുഖ്യ കണ്ണി മലപ്പുറം സ്വദേശി കെ പി റമീസാണ്. ഇയാൾക്ക് രാജ്യത്തിന് പുറത്തും സ്വർണക്കടത്തിന്റെ വലിയ ശൃംഖലയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സ്വപ്‌ന സുരേഷിനേയും സന്ദീപ് നായരേയും കസ്റ്റഡിയിൽ എടുത്ത ശേഷം സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. സ്വപ്നക്ക് നിരവധി ബാങ്കുകളിൽ പണമിടപാടുണ്ട്. ബാങ്കുകളിലും പണമിടപാട് സ്ഥാപനങ്ങളിലും വൻ തോതിൽ സ്വർണമുണ്ടെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളും റിമാൻഡ് റിപ്പോർട്ടിലുണ്ടെന്നാണ് വിവരം.
സ്വപ്‌ന സുരേഷിന്റെ ആറ് മൊബൈൽ ഫോണും രണ്ട് ലാപ് ടോപ്പും പിടികൂടി. രണ്ട് മൊബൈൽ ഫോണുകൾ ഫേസ് ആപ്പ് വഴി തുറന്നു. ബാക്കിയുള്ള ഫോണുകൾ തുറന്നു പരിശോധിക്കേണ്ടതുണ്ട്. ടെലഗ്രാം വഴി നടന്ന ചാറ്റ് വീണ്ടെടുക്കാനുള്ള ശ്രമം എൻഐഎ ആരംഭിച്ചു. അതേസമയം സരിത്തുമായുള്ള തെളിവെടുപ്പ് നിർണായക ഘട്ടത്തിലാണെന്ന് റിപ്പോർട്ട്.
കടത്തിക്കൊണ്ടു വരുന്ന സ്വർണം കൈമാറുന്ന സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തി. കുറവൻകോണത്ത് ഒഴിഞ്ഞ വഴിയരികിൽ സ്വർണ്ണം കൈമാറിയെന്ന് സംശയമുള്ളിടത്ത് സരിത്തിനെ എത്തിച്ചു. കുറവൻകോണത്തിനും മരപ്പാലത്തിനുമിടയിലെ കാർ പാർക്കിങ്ങിലും തെളിവെടുപ്പ് നടത്തി. കേശവദാസപുരത്തെ ഫ്‌ളാറ്റ് സമുച്ചയത്തിനു മുന്നിൽ വെച്ചും സ്വർണം കൈമാറിയെന്ന് സംശയിക്കുന്നുണ്ട്. ഇവിടെയും സരിത്തിനെ എത്തിച്ചു തെളിവെടുത്തു.