വാചക കസർത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ; കീം പരീക്ഷയ്ക്ക് കുട്ടിയെ കൊണ്ടുവന്ന രക്ഷിതാവിനും വൈറസ് ബാധ

തിരുവനന്തപുരം: വാചക കസർത്തിൽ സുരക്ഷാ ക്രമീകരണങ്ങളൊരുക്കി നടത്തിയ കീം എന്‍ട്രന്‍സ് പരീക്ഷയെഴുതിയ രണ്ടു വിദ്യാര്‍ഥികള്‍ക്കു കൊറോണ സ്ഥിരീകരിച്ചതിനു പിന്നാലെ ഒരു വിദ്യാര്‍ഥിക്ക് ഒപ്പമെത്തിയ രക്ഷിതാവിനും രോഗം സ്ഥിരീകരിച്ചു. ഇതോടെ തലസ്ഥാനത്തു ആശങ്കയേറുകയാണ്. വഴുതക്കാട് പരീക്ഷാ സെന്ററിലെത്തിയ മണക്കാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. തൈക്കാട് പരീക്ഷാ കേന്ദ്രത്തില്‍ പരീക്ഷയെഴുതിയ പൊഴിയൂര്‍ സ്വദേശിയായ വിദ്യാര്‍ഥിക്കും കരമനയില്‍ പരീക്ഷയെഴുതിയ കരകുളം സ്വദേശിയായ വിദ്യാര്‍ഥിക്കുമാണ് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചത്.

വലിയ തോതിലുള്ള കൊറോണ വ്യാപനം ഉണ്ടായിരിക്കുന്ന സാഹചര്യത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുമ്പോള്‍ ഇത്രയും വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന പരീക്ഷ നടത്തുന്നതില്‍ വിമര്‍ശനങ്ങൾ ഉയർന്നിരുന്നു. പരീക്ഷ മാറ്റിവക്കണമെന്നു രക്ഷിതാക്കളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് പരീക്ഷ നടത്തുകയെന്നായിരുന്നു സര്‍ക്കാരിൻ്റെ നിലപാട്. പരീക്ഷയ്ക്കു മുമ്പും പിമ്പും തടിച്ചുകൂടിയ ജനക്കൂട്ടത്തിൻ്റെ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിട്ടും പരീക്ഷാ നടത്തിപ്പു വിജയകരമാണെന്നായിരുന്നു ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രി പിണറായി വിജയനും അവകാശപ്പെട്ടത്.

ഈ മാസം 16 നു നടന്ന കേരളാ എഞ്ചിനീയറിംഗ് പരീക്ഷയില്‍ 1.10 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. പരീക്ഷക്കു ശേഷം പുറത്തേക്കു വന്ന വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും നിയന്ത്രിക്കാന്‍ പോലീസിനു സാധിക്കാതെ വന്നിരുന്നു. ചില കേന്ദ്രങ്ങില്‍ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നു എങ്കിലും പലയിടങ്ങളിലും സുരക്ഷാ നടപടികൾ പാളിയിരുന്നു. ഒടുവിൽ ആക്ഷേപങ്ങൾ ശക്തമായപ്പോൾ രക്ഷിതാക്കൾക്കെതിരേ കേസെടുത്ത് സർക്കാർ തടി തപ്പുകയായിരുന്നു.