കടലിന് തിന്നാൻ വേണ്ടി ഞങ്ങളെ എറിഞ്ഞു കൊടുത്തതോ?: അധികാരികൾ കണ്ണുതുറക്കണമെന്ന് ചെല്ലാനം ജനത

കൊച്ചി: കൊറോണ ഭീതിയ്ക്കിടയിൽ ചെല്ലാനം ജനതയുടെ ദുരിതം ഇരട്ടിയാകുകയാണ്. തങ്ങളുടെ വീടും ജീവനും കടലെടുക്കുമോ എന്ന ഭീതിയിൽ നെഞ്ചുനീറി കഴിയുകയാണ് ഒരു ജനത. കേരളത്തെ പ്രളയം വിഴുങ്ങിയപ്പോൾ രക്ഷകരായെത്തിയ മത്സ്യത്തൊഴിലാളികൾ തങ്ങളുടെ ജീവനും സ്വത്തിനും വേണ്ടി നിലവിളിക്കുമ്പോൾ കേരളസമൂഹം കണ്ണടയ്ക്കരുത്. സേവ് ചെല്ലാനം എന്ന ഹാഷ്ടാ​ഗ് ക്യാംപെയ്ൻ സോഷ്യൽ മീഡിയയിൽ ഒതുങ്ങി നിൽക്കാതെ ചെല്ലാനം ജനതയെ കഴിവുറ്റ രീതിയിൽ സഹായിക്കാൻ മലയാളികൾ സന്നദ്ധരാകണമെന്നാണ് ചെല്ലാനത്തെ പാവപ്പെട്ട ജനതയ്ക്ക് പറയാനുള്ളത്.

ഹാഷ് സേവ് ചെല്ലാനം എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയിൽ ഒരോ ചെല്ലാനം കാരനും പറയാനുള്ളത് ഇങ്ങനെയാണ്….

കടലിന് തിന്നാൻ വേണ്ടി ഞങ്ങളെ എറിഞ്ഞു കൊടുത്ത അവസ്ഥയിലാണ്…വർഷങ്ങളായി ഞങ്ങളുടെ ആവശ്യമായിരുന്നു കടൽ ഭിത്തി കെട്ടിത്തരുക എന്നുള്ളത്…അന്ന് അത് ചെയ്തിരുന്നുവെങ്കിൽ ഞങ്ങൾക്ക് ഇന്ന് ഈ ​ഗതി വരില്ലായിരുന്നു….പതിറ്റാണ്ടുകളായി മാറി മാറി വരുന്ന ഏമാന്മാർ ഞങ്ങളെ പറ്റിച്ചു കൊണ്ടിരിക്കുകയാണ്…കേരളത്തെ പ്രളയം വിഴുങ്ങിയപ്പോൾ ആരും വിളിക്കാതെ തന്നെ രക്ഷകരായെത്തിയതാണ് ഞങ്ങൾ മത്സ്യത്തൊഴിലാളികൾ…ഇപ്പോൾ നിങ്ങൾക്ക് ഞങ്ങളെ സഹായിക്കാൻ പറ്റിയ നേരമാണ്….നിങ്ങൾ സഹായിച്ചില്ലെങ്കിലും നിങ്ങൾക്കൊരാവശ്യം വന്നാൽ ഞങ്ങൾ എത്തും…ജീവനോടെ ഉണ്ടെങ്കിൽ.