പലസ്തീൻ: കൊറോണ വൈറസ് ബാധിച്ച് മരിച്ച തന്റെ അമ്മയെ കാണാൻ ആശുപത്രി കെട്ടിടത്തിൽ പിടിച്ച് കയറി മകന്റെ ചിത്രം വൈറലാകുന്നു. അവസാനമായി മാതാവിനെ ഒരുനോക്ക് കാണാനായി വെസ്റ്റ് ബാങ്കിലെ ബൈത് അവ പട്ടണത്തിലെ ആശുപത്രി കെട്ടിടത്തിലാണ് മകൻ കയറിയത്. പലസ്തീനിലാണ് സംഭവം. അമ്മ കിടന്ന ഐസിയുവിൻ്റെ ജനാലയിൽ ഇരിക്കുന്ന മകൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
30കാരനായ ജിഹാദ് അൽ സുവൈറ്റിയാണ് മാതാവിനോടുള്ള സ്നേഹത്തിൻ്റെ ഉദാഹരണമായി വാർത്തകളിൽ നിറയുന്നത്. “അമ്മയുടെ അവസാന നിമിഷങ്ങൾ കണ്ടുകൊണ്ട് ഒന്നും ചെയ്യാൻ കഴിയാതെ ഐസിയുവിൻ്റെ ജനാലയിൽ ഞാനിരുന്നു. ആശുപത്രിയിൽ പ്രവേശിച്ച് അമ്മയെ കാണാൻ ശ്രമിച്ചെങ്കിലും എനിക്ക് അനുമതി ലഭിച്ചില്ല.
പിന്നീടാണ് ജനാലയിലൂടെ കണ്ട് യാത്ര പറയാൻ തീരുമാനിച്ചത്”- ജിഹാദ് അൽ സുവൈറ്റി പറഞ്ഞതായി അറബിക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ബൈത് അവയിലുള്ള ഹെബ്രോൺ ആശുപത്രിയിലെ ഐസിയുവിൻ്റെ ജനാലയിലാണ് അമ്മയെ കാണാനാണ് യുവാവ് കയറിയത്.
73 കാരിയായ റസ്മി സുവൈറ്റി വ്യാഴാഴ്ച വൈകുന്നേരമാണ് മരണത്തിനു കീഴടങ്ങിയത്. അമ്മ മരണക്കിടക്കയിലാണെന്നറിഞ്ഞ മകൻ മതിലിലൂടെ പിടിച്ചു കയറി ഐസിയുവിൻ്റെ ജനാലയിൽ ഇരിപ്പുറപ്പിക്കുകയായിരുന്നു. ഐക്യരാഷ്ട്ര സഭയുടെ പ്രതിനിധി മൊഹമ്മദ് സഫ ഈ ചിത്രം തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ പങ്കുവച്ചു. ലുക്കീമിയ ബാധിതയായിരുന്ന റസ്മി കൊറോണ പോസിറ്റീവ് ആയതോടെ ആശുപത്രിയിൽ അഡ്മിറ്റ് ആവുകയായിരുന്നു. അഞ്ച് ദിവസമാണ് അവർ അവിടെ കഴിഞ്ഞത്. പാലസ്ഥീനിൽ 9587 പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്.