റിയാദ്: സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിത്താശയ വീക്കത്തെ തുടർന്നാണ് 84 കാരനായ രാജാവിനെ രാജ്യ തലസ്ഥാനമായ റിയാദിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ന്യൂസ് ഏജൻസിയായ എസ്‌പിഎയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിചെയ്യുന്ന രാജ്യവും അമേരിക്കയുടെ സഖ്യകക്ഷിയുമായി സൗദിയുടെ ഭരണാധികാരിയായി 2015 ല്‍ ആണ് സല്‍മാന്‍ രാജാവ് അധികാരമേറ്റത്. അബ്ദുള്ള രാജാവിന്റെ മരണത്തോടെയായിരുന്നു ഇത്. 1954 ലാണ് സൽമാൻ ആദ്യമായി സൗദി ഭരണസംവിധാനത്തിൽ ഉൾപ്പെടുന്നത്.
19 വയസ് മാത്രമുള്ളപ്പോൾ റിയാദിൻ്റെ ഡെപ്യൂട്ടി ഗവർണറായി സ്ഥാനമേറ്റ അദ്ദേഹം 1955ൽ സ്ഥാനമൊഴിഞ്ഞു. 1963 ഫെബ്രുവരി 5ന് അദ്ദേഹം റിയാദ് ഗവർണറായി. 2011 നവംബർ 5 വരെ അദ്ദേഹം ഈ സ്ഥാനത്ത് തുടർന്നു. തുടർന്ന് പ്രതിരോധ മന്ത്രി, ഉപ പ്രധാനമന്ത്രി എന്നീ സ്ഥാനങ്ങൾ വഹിച്ചു. 2012 ജൂൺ 18ന് അദ്ദേഹത്തെ കിരീടാവകാശിയായി പ്രഖ്യാപിച്ചു. 2015 ജനുവരി 23ന്, 79 ആം വയസ്സിൽ അദ്ദേഹം സൗദി ഭരണാധികാരിയായി.