ചങ്ങനാശേരി: മുനിസിപ്പല്‍ ചെയര്‍മാന്‍ സാജന്‍ ഫ്രാന്‍സിസ്, സെക്രട്ടറി ഷിബു, ഹെല്‍ത്ത് ഓഫീസര്‍ ഡോ.വൈശാഖ്, ഹെല്‍ത്ത് സൂപ്രണ്ട് ബാബു, മൂന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ വീടുകളില്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. മത്സ്യ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കഴിഞ്ഞയാഴ്ച രണ്ടുതവണ മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ യോഗം വിളിച്ചുചേര്‍ത്തതിനാലാണ് ഇവര്‍ ക്വാറന്റൈനില്‍ പോകണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയത്. യോഗത്തില്‍ പങ്കെടുത്ത രണ്ടുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇവര്‍ ക്വാറന്റൈനില്‍ പ്രവേശിക്കപ്പെട്ടത്.
അതേസമയം മാര്‍ക്കറ്റു മേഖലയില്‍ കൊറോണ വ്യാപനം അതിരുക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മാര്‍ക്കറ്റ് മേഖലയില്‍ ചൊവ്വാഴ്ച മുതലും കവലമേഖലയില്‍ ബുധനാഴ്ച മുതലും പൂര്‍ണമായി 26വരെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുമെന്ന് ചങ്ങനാശേരി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
ആരോഗ്യ വിഭാഗത്തിന്റെയും തെഴിലാളികളുടെയും അഭ്യര്‍ഥന മാനിച്ചാണ് ഈ തീരുമാനം. പഴം, പച്ചക്കറി, സവാള കടകള്‍ അവരുടെ സാധനം വിറ്റഴിക്കുന്നതിന് ചൊവ്വാഴ്ച രാവിലെ ആറുമുതല്‍ ഒമ്പതുവരെ മൂന്നുമണിക്കൂര്‍ നേരം തുറന്ന് പ്രവര്‍ത്തിക്കും. 27 മുതല്‍ കടകള്‍ തുറക്കുന്നത് അന്നത്തെ സാമൂഹിക പശ്ചാത്തലം പരിശോധിച്ച ശേഷം മാത്രമായിരിക്കുമെന്ന് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബിജു ആന്റണി കയ്യാലപറമ്പില്‍ പറഞ്ഞു.
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മാര്‍ക്കറ്റില്‍ നടന്ന ആന്റിജന്‍ പരിശോധനയില്‍ മുപ്പതോളം പേരുടെ ഫലം പോസീറ്റീവായതിന്റെ അടിസ്ഥാനത്തിലാണ് വ്യാപാര സ്ഥാപനങ്ങളടക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഞായറാഴ്ച മുതല്‍ മത്സ്യ മാര്‍ക്കറ്റ് അടച്ചിരുന്നു.
പായിപ്പാട് പഞ്ചായത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ ചൊവ്വാഴ്ച മുതല്‍ 14 ദിവസത്തേക്ക് രാവിലെ ഏഴു മുതല്‍ വൈകുന്നേരം നാലുവരെമാത്രമേ പ്രവര്‍ത്തിക്കുകയുള്ളുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് സ്വപ്‌ന ബിനു അറിയിച്ചു.
ഗ്രാമപഞ്ചായത്ത് പരിധിയില്‍ അഞ്ചുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്.
ചങ്ങനാശേരി മത്സ്യമാര്‍ക്കറ്റിലെത്തി മീന്‍ വാങ്ങി വില്‍പന നടത്തിയ പായിപ്പാട് സ്വദേശികളായ അഞ്ചുപേര്‍ക്കാണ് കൊറോണ പോസിറ്റീവായി കണ്ടെത്തിയത്. നിലവിലെ സാഹചര്യം വിലയിരുത്താൻ ചേര്‍ന്ന പഞ്ചായത്ത് അധികൃതരുടെയും പോലീസിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും വ്യാപാരികളുടെയും യോഗമാണ് ഈ തീരുമാനമെടുത്തത്.
തുറന്നു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിബന്ധനകള്‍ പാലിക്കേണ്ടതാണ്. മെഡിക്കല്‍ സ്‌റ്റോറുകള്‍ കൂടുതല്‍ സമയം തുറന്ന് പ്രവര്‍ത്തിക്കാം. പായിപ്പാട് പഞ്ചായത്തില്‍ ജനവാസ കേന്ദ്രങ്ങളിലൂടെ വാഹനങ്ങളില്‍ കച്ചവടം നടത്തുന്നതും എല്ലാത്തരത്തിലുള്ള വഴിയോരക്കച്ചവടങ്ങളും രണ്ടാഴ്ചത്തേക്ക് നിര്‍ത്തി വയ്ക്കണമെന്നും നിർദേശമുണ്ട്.
പരിശോധന വ്യാപിപ്പിക്കണം: കൊടിക്കുന്നിൽ..
ചങ്ങനാശേരി
മത്സ്യ മാർക്കറ്റിൽ ഇരുപതോളം പേർക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ നഗരസഭ പരിധിയിൽ ആൻ്റിജൻ പരിശോധന വ്യാപിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി കോട്ടയം ജില്ല കളക്ടറോട് ആവശ്യപ്പെട്ടു പ്രതിരോധ നടപടികൾ വിലയിരുത്തുന്നതിനായിട്ട് എം പി, എം എൽ എ, മുനിസിപ്പൽ ചെയർമാൻ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ എന്നിവരുടെ യോഗം വിഡിയോ കോൺഫ്രാൻസ് മുഖേന വിളിച്ചു ചേർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
മാർക്കറ്റ് കേന്ദ്രീകരിച്ച് ഇത്രയും അധികം പേർക്ക് രോഗം പടർന്ന പശ്ചാത്തലത്തിൽ വൈറസ് ബാധിച്ചവരുടെ റൂട്ട് മാപ്പ് തയ്യാറാക്കി വ്യാപനം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കളക്ടർ നിർദ്ദേശം നൽകണമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു