തിരുവനന്തപുരം: ബലിതർപ്പണ ചടങ്ങുകളിലാതെ ഇന്ന് കർക്കിടക വാവ് ബലി. വാവുബലി ചടങ്ങുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ പതിവായി ആളുകൾ ബലിതർപ്പണത്തിനെത്തുന്ന തീർഥാടന കേന്ദ്രങ്ങളിലെല്ലാം ഇക്കുറി ആളുകൾ കൂട്ടം കൂടുന്ന തരത്തിലുള്ള ബലിതർപ്പണ ചടങ്ങുകൾ ഉണ്ടാവില്ല. കൊറോണയുടെ പശ്ചാത്തലത്തിൽ ഇത്തവണത്തെ കർക്കിടക വാവുബലി ജനങ്ങൾ കൂട്ടം കൂടുന്ന തരത്തിലുള്ള ചടങ്ങായി നടത്താൻ അനുവദിക്കില്ലെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു.
തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ കൂട്ട നമസ്കാര വഴിപാട് ഉണ്ടാകുമെങ്കിലും ജനങ്ങൾക്ക് പ്രവേശനമില്ല. ഭക്തർക്ക് ഓൺലൈനിലൂടെ പണമടച്ച് വഴിപാട് നടത്താനുള്ള സൗകര്യം തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്. ചടങ്ങുകൾ വീടുകളിൽ തന്നെ നടത്തണമെന്നാണ് നിർദ്ദേശം. ജനങ്ങൾ കൂട്ടം കൂടുന്ന എല്ലാ മത ചടങ്ങുകളും ജൂലൈ 31 വരെ നിർത്തിവെയ്ക്കണമെന്ന കേന്ദ്ര സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വാവുബലി ചടങ്ങുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയത്. വിവിധ ദേവസ്വം ബോർഡുകളും ബലിതർപ്പണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.