കൊച്ചി: സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതിയായ ഫൈസൽ ഫരീദ് സിനിമകൾക്ക് വേണ്ടിയും പണം ചിലവഴിച്ചതായുള്ള വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചു. മലയാള സിനിമയിലെ വിവിധ സംവിധായകരുടെ നാലോളം സിനിമകളുടെ നിർമാണത്തിനായി കള്ളപ്പണം ചിലവഴിച്ചതായി ആണ് കണ്ടെത്തൽ. അരുൺ ബാലചന്ദ്രൻ വഴിയാണ് സിനിമാ മേഖലയിലേക്ക് പണം എത്തിച്ചത്.
ഫൈസൽ ഫരീദിനെ നാട്ടിൽ എത്തിച്ചു ചോദ്യം ചെയ്യുമ്പോൾ ആയിരിക്കും ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുക. ഇതിനായുള്ള ശ്രമങ്ങൾ നടത്തി വരികയാണ്. നിലവിൽ ദുബായ് പോലീസിന്റെ കസ്റ്റഡിയിൽ ആണ് ഫൈസൽ. ഇതിനകം മൂന്നു തവണ ഫൈസലിനെ ചോദ്യം ചെയ്തതായാണ് റിപ്പോർട്ട്. ഇയാളുടെ പാസ്പോർട്ടും കഴിഞ്ഞ ദിവസം റദ്ദ് ചെയ്തിരുന്നു.
രണ്ടു ദിവസത്തിനുള്ളിൽ ഇയാളെ നാട്ടിൽ എത്തിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ട്. ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചതിനാൽ ഫൈസലിനെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് സാധ്യതകളാണ് ഉള്ളത്. ഒന്ന് അന്വേഷണ സംഘം ദുബായിൽ നേരിട്ടെത്തുകയും ദുബായ് പൊലീസ് ഫൈസലിനെ കസ്റ്റഡിയിലെടുത്ത് കൈമാറുകയും ചെയ്യുക. രണ്ട് ഫൈസലിനെ നാട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയോ ദുബായ് പൊലീസിന്‍റെ സഹായത്തോടെ വിമാനത്തിൽ നാട്ടിലേക്ക് അയക്കുകയോ ചെയ്യുക. ഇരുരാജ്യങ്ങളും തമ്മിൽ കുറ്റവാളികളെ കൈമാറുന്നതിന് കരാറുള്ളതിനാൽ കൈമാറ്റത്തിന് തടസ്സങ്ങളില്ല. എന്നാല്‍ എപ്പോള്‍ ഫൈസലിനെ ഇന്ത്യക്ക് കൈമാറും എന്നത് സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് വന്നിട്ടില്ല.
കഴിഞ്ഞ 15 വർഷമായി നടക്കുന്ന സ്വർണക്കടത്തിന്റെ വിവരങ്ങൾ ഫൈസൽ ഫരീദിന് അറിയമെന്നാണ് എൻ ഐ എ യുടെയും കസ്റ്റംസിന്റെയും വിലയിരുത്തൽ. ഫൈസൽ ഫരീദാണ് സ്വർണമയക്കാൻ നേതൃത്വം കൊടുത്തത് എന്ന് പ്രതികൾ എൻഐഎയോട് സമ്മതിച്ചിട്ടുണ്ട്. ഫൈസലിനെ ചോദ്യം ചെയ്താൽ കേസുമായി നയതന്ത്ര പ്രതിനിധികളടക്കമുള്ളവരുടെ ബന്ധത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് കരുതുന്നത്.
അതേ സമയം നയതന്ത്ര പാഴ്സലിൽ നിന്ന് 30 കിലോഗ്രാം സ്വർണം പിടിച്ച കേസിൽ ഇരുപതിലധികം ഹവാല സംഘങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നു കസ്റ്റംസ് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. എൻഐഎ കസ്റ്റഡിയിൽ ഉള്ള മുഖ്യപ്രതി സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത്ത് എന്നിവരെ ഒരുമിച്ചിരുത്തിയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. പിടിയിലായ 13 പേരിൽ സരിത് ഒഴിച്ചുള്ള 12 പേർക്കും നേരിട്ടോ അല്ലാതെയോ ഹവാല സംഘങ്ങളുമായി ബന്ധമുള്ളതായാണു കസ്റ്റംസിനു ലഭിച്ച വിവരം.
കള്ളക്കടത്ത് സ്വർണം ഇവർ നേരിട്ടും അല്ലാതെയും’ വിറ്റഴിച്ചതായി മൊഴികളുണ്ട്. ഏറിയ പങ്കും കേരളത്തിനു പുറത്താണു വിറ്റത്. അടുത്ത കള്ളക്കടത്തിനുള്ള പണം സ്വന്തം ഹവാല കണ്ണികൾ വഴിയാണ് ഓരോ സംഘവും ദുബായിൽ ഫൈസൽ ഫരീദിനെത്തിച്ചത്.
ഇതിനകം പിടിയിലായ ഓരോരുത്തരും കോടിക്കണക്കിനു രൂപയാണ് ഇറക്കിയത്. ഇവർ മറ്റു ഹവാല ഇടപാടുകാരിൽ നിന്നു പണം സംഘടിപ്പിച്ചിട്ടുണ്ടാകാമെന്നും സ്വർണക്കടത്തിൽ ഉൾപ്പെട്ട ഹവാല ഇടപാടുകാരുടെ എണ്ണം ഇരുപതിൽ അധികമാകാമെന്നും കസ്റ്റംസ് കരുതുന്നു.
സരിത്തിൽ നിന്ന് ഏറ്റുവാങ്ങുന്ന കള്ളക്കടത്ത് സ്വർണം സന്ദീപ് നായർ, കെ.ടി. റമീസിനെ ഏൽപിക്കുകയാണു ചെയ്തിരുന്നത്. കെ.ടി. റമീസ് ഇത് പി.ടി. അബ്ദു, മുഹമ്മദ് ഷാഫി, എടക്കണ്ടൻ സെയ്തലവി, ജലാൽ മുഹമ്മദ് എന്നിവർക്കു നൽകും. ഈ 4 പേരാണു കേസിൽ പിടിയിലായാവരടക്കമുള്ള മറ്റ് ഹവാല ഇടപാടുകാർക്കു സ്വർണം പങ്കിട്ടു നൽകിയിരുന്നത്.
പിടിയിലായവരിൽ, കോട്ടയ്ക്കൽ സ്വദേശി പി.ടി. അബ്ദു ഒഴിച്ചുള്ളവർ സ്വർണം നൽകിയത് എവിടെയാണെന്നു വ്യക്തമാക്കിയിട്ടുണ്ട്. അബ്ദു വഴി വിൽപന നടത്തിയ 78 കിലോഗ്രാം സ്വർണം എവിടെയാണെത്തിയതെന്നതിൽ ദുരൂഹതയുണ്ട്.
കേസിൽ കസ്റ്റംസ് ഇതുവരെ 12 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കള്ളക്കടത്തിന് പണം നൽകിയ ചില ജ്വല്ലറി ഉടമകളെയും ഇന്ന് അറസ്റ്റ് ചെയ്തേക്കും.