തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ഒപിയിലെത്തുന്ന കൊറോണ ഇതര രോഗികൾക്ക് ചികിത്സ ഉറപ്പാക്കാൻ പുതിയ സംവിധാനമേർപ്പെടുത്തി. മറ്റു രോഗികൾക്ക് ചികിത്സ ഉറപ്പു വരുത്തുന്നതിനൊപ്പം അവരെ കൊറോണ വ്യാപനത്തിൽ നിന്നും സുരക്ഷിതമായി അകറ്റി നിർത്തുകയുമാണ് പുതിയ സംവിധാനത്തിന്റെ മുഖ്യ ലക്ഷ്യം.
പുതിയ സംവിധാനത്തിൽ ഒപിയിലെ ഓരോ ചികിത്സാ വിഭാഗത്തിലും ഇനി മുതൽ രാവിലെ ഒൻപതു മുതൽ 12 മണി വരെ ഒരു ദിവസം 50 രോഗികൾക്കു മാത്രമായിരിക്കും നേരിട്ട് ചികിത്സ ലഭ്യമാക്കുക. അതും നേരിട്ടുള്ള ചികിത്സ ഒഴിവാക്കാനാവാത്ത രോഗികൾക്കു മാത്രം. മറ്റുള്ളവർക്ക് ഇതേ സമയത്ത് അതാത് ചികിത്സാ വിഭാഗങ്ങളിലെ ഡോക്ടർമാരുമായി ഫോണിൽ ചികിത്സ സംബന്ധിച്ച് ആശയ വിനിമയം നടത്താം.
നേരിട്ടെത്തുന്നവർ നിർബന്ധമായും രോഗ പ്രതിരോധ നിബന്ധനകൾ കർശനമായും പാലിക്കേണ്ടതാണ്. ഇത് ഓരോ രോഗിയുടെയും ഉത്തരവാദിത്തമായി തന്നെ കണക്കാക്കേണ്ടതാണ്. ഒപിയിൽ ഒരു ദിവസമെത്തുന്ന 50 രോഗികളിൽ തുടർ ചികിത്സയ്ക്ക് ആദ്യത്തെ കൺസൾട്ടേഷനിൽ തന്നെ ടോക്കൺ ലഭിച്ചവർക്ക് മുൻഗണനാക്രമത്തിൽ ചികിത്സ ലഭിക്കുന്നതാണ്. ഒരു ദിവസം 50 പേർ കഴിഞ്ഞും രോഗികൾ എത്തിയാൽ അവർക്ക് ഒപി വിഭാഗതിലെ ഡിസ്പ്ലേ ബോർഡിൽ തെളിയുന്ന ഡോക്ടർമാരുടെ ഫോൺ നമ്പരിൽ ഡോക്ടറെ വിളിച്ച് രോഗവിവരം അറിയിക്കാം.
ഉടൻ ചികിത്സ വേണ്ടതാണെന്ന് ഡോക്ടർക്ക് ബോധ്യപ്പെട്ടാൽ അവർക്കും ഡോക്ടറെ നേരിൽ കാണാവുന്നതാണ്. ഈ സൗകര്യം 12 മണി മുതൽ ഒരു മണി വരെയായിരിക്കും. പൊതുജനങ്ങളുടെ സുരക്ഷ മുന്നിൽക്കണ്ട് നടപ്പാക്കിയ സംവിധാനങ്ങൾ പൂർണമായും പാലിക്കാൻ ഓരോ വ്യക്തിയും തയ്യാറാവണമെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ സാറ വർഗീസ് അഭ്യർത്ഥിച്ചു.
ചികിത്സ സംബന്ധിച്ച വിവരങ്ങൾക്ക് പ്രധാന ചികിത്സാ വിഭാഗങ്ങളുടെ താഴെപ്പറയുന്ന ഫോൺ നമ്പരിൽ ബന്ധപ്പെടാം.
ജനറൽ മെഡിസിൻ – 0471- 25286 11, കാർഡിയോളജി – 2528596, പൾമണറി മെഡിസിൻ – 2528826, ജനറൽ സർജറി – 2528213, ഗ്യാസ്ട്രോഎൻറോളജി (മെഡിക്കൽ) – 2528673, (സർജിക്കൽ) – 2528670, ത്വക് രോഗവിഭാഗം – 2528599, ഗൈനക്കോളജി – 2528 116, അസ്ഥിരോഗ വിഭാഗം – 2528645, യൂറോളജി – 2528660