പിടിച്ചെടുത്ത 72 ലക്ഷം രൂപ വിലയുള്ള മദ്യക്കുപ്പികൾ റോഡ് റോളർ കയറ്റി നശിപ്പിച്ച് പൊലീസ്

വിജയവാഡ: അനധികൃത മദ്യം ആരും ഉപയോഗിക്കേണ്ടെന്ന നിലാടിൽ പോലീസ്. പിടിച്ചെടുത്ത 72 ലക്ഷം രൂപ വിലയുള്ള മദ്യക്കുപ്പികൾ റോഡ് റോളർ കയറ്റി നശിപ്പിച്ചാണ് ആന്ധ്ര പൊലീസ് മാത്യകയായത്. കൃഷ്ണ ജില്ലയിലെ മച്ചിലിപട്ടണം പൊലീസ് പരേഡ് ഗ്രൗണ്ടിലായിരുന്നു സംഭവം.

പല കേസുകളിലായി 10 പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും പിടിച്ചെടുത്ത മദ്യക്കുപ്പികൾ ഗ്രൗണ്ടിൽ നിരത്തിവച്ച് റോഡ് റോളർ കയറ്റുകയായിരുന്നു. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ലോക്ഡൗൺ കാലയളവിൽ മറ്റു സംസ്ഥാനങ്ങളിൽനിന്ന് അനധികൃതമായി കടത്താൻ ശ്രമിച്ച മദ്യമാണിതെന്നു പൊലീസ് പറഞ്ഞു. പ്രത്യേക സംഘങ്ങളായി തിരിഞ്ഞായിരുന്നു പൊലീസ് പരിശോധന. 14,189 കുപ്പി വിദേശമദ്യവും 270 ലീറ്റർ ചാരായവുമാണ് നശിപ്പിച്ചത്.