ന്യൂഡെൽഹി: ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതർ പത്തുലക്ഷം പിന്നിട്ടതോടെ സമൂഹ വ്യാപനം ആരംഭിച്ചെന്നും രാജ്യത്തെ സ്ഥിതി അത്യന്തം ഗുരുതരമാണെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ഹോസ്പിറ്റൽ ബോർഡ് ഓഫ് ഇന്ത്യ ചെയർമാൻ ഡോ. വി കെ മോംഗ. കേരളം ഇന്ത്യയിലെ ഒരു ഹോട്ട് സ്പോട്ടാകാമെന്നും മോംഗ മുന്നറിയിപ്പ് നൽകി.
ദിവസേന 30,000 ത്തിലധികം കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന് ശരിക്കും ഒരു മോശം അവസ്ഥയാണ്. ഇപ്പോൾ ഇത് ഗ്രാമപ്രദേശങ്ങളിലേക്കും വ്യാപിക്കുകയാണ്. സമൂഹ വ്യാപനത്തിൻ്റെ ഗുരുതര അടയാളമാണിതെന്നും എ എൻ ഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് 10,38,716 പേർക്കാണ് വൈറസ്സ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 3,58,629 പേർ ചികിൽസയിലാണ്. 6,53,751 പേർ രോഗവിമുക്തി തേടിയിട്ടുണ്ട്. ഇരുവരെ 26,273 പേർക്കാണ് ജീവൻ നഷ്ടമായത്.
പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും വൈറസ് പടർന്നു കയറുകയാണ്. അവിടെ സ്ഥിതിഗതികൾ നിയന്ത്രിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. ഡെൽഹിയിൽ ഇത് നിയന്ത്രിക്കാൻ കഴിഞ്ഞു. എന്നാൽ മഹാരാഷ്ട്ര, കർണാടക, കേരളം, ഗോവ, മധ്യപ്രദേശ് (ഇത് പുതിയ ഹോട്ട്‌സ്‌പോട്ടുകൾ ആകാം) എന്നിവിടങ്ങളിലെ വ്യാപനം എങ്ങനെ ബാധിക്കുമെന്നത് ഏറെ സംശയം ഉണർത്തുന്നതായി മോംഗ അഭിപ്രായപ്പെട്ടു.
“ഈ പ്രശ്നങ്ങളെല്ലാം വളരെ പ്രധാനമാണ്, സംസ്ഥാന സർക്കാരുകൾ പൂർണ്ണമായും ശ്രദ്ധിക്കുകയും സാഹചര്യം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാരിന്റെ സഹായം തേടുകയും വേണം,” മോംഗ പറഞ്ഞു.
വൈറസ് വ്യാപനത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് ഐസിഎംആർ പരിശോധനാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയാണ്. നിലവിൽ 885 സർക്കാർ ലബോറട്ടറികളും 368 സ്വകാര്യ ലബോറട്ടറി ശൃംഖലകളും രാജ്യത്തുടനീളം കൊറോണ പരിശോധനകൾ നടത്തുന്നുണ്ട്.
വളരെ വേഗത്തിൽ പടരുന്ന ഒരു വൈറൽ രോഗമായതിനാൽ ഗുരുതരമായ സ്ഥിതി തരണം ചെയ്യാൻ രണ്ട് മാർഗങ്ങളാണ് മുന്നിലുള്ളത്. ഒന്നാമതായി, ജനസംഖ്യയിലെ 70 ശതമാനം പേർക്കും രോഗം ബാധിച്ച് പ്രതിരോധശേഷി നേടുക. ഇതിലൂടെ മറ്റുള്ളവർക്ക് രോഗപ്രതിരോധം ലഭിക്കും. ഇന്ത്യയിലെ രണ്ട് തദ്ദേശീയ വാക്സിൻ നിർമ്മാതാക്കൾ വാക്സിനേഷൻ പരീക്ഷണങ്ങൾ മനുഷ്യരിൽ ആരംഭിച്ചത് വലിയ പ്രതീക്ഷയാണ്. എന്നാൽ മിക്ക രോഗികൾക്കും മൂന്നുമാസത്തെ പ്രതിരോധശേഷി മറികടക്കാൻ കഴിയാത്തതിനാൽ ഇതിൻ്റെ പ്രതിരോധശേഷി എത്രത്തോളം നീണ്ടുനിൽക്കുമെന്ന് മനസിലാക്കേണ്ടതുണ്ടെന്നും ഡോ മോംഗ പറഞ്ഞു.