സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകന്‍ ഫൈസല്‍ ഫരീദ് യുഎഇ പോലീസിന്റെ പിടിയിൽ

കൊച്ചി: ഡിപ്ലോമാറ്റിക്ക് ബാഗേജിലൂടെ സ്വര്‍ണം കടത്തിയ കേസിലെ മുഖ്യ ആസൂത്രകന്‍ ഫൈസല്‍ ഫരീദ് യുഎഇ പോലീസിന്റെ കസ്റ്റഡിയിലായി. പിടിയിലായ ഫൈസല്‍ ഫരീദിനെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശക്തമാക്കി.

ഫൈസിലിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയതിനാല്‍ ഇയാള്‍ക്ക് രാജ്യം വിടാന്‍ സാധിച്ചിരുന്നില്ല. ഇന്ത്യയുടെ അഭ്യര്‍ഥന പ്രകാരമാണ് യുഎഇ ഫൈസല്‍ ഫരീദിനു യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്.
കൊറോണ പരിശോധനകളുടെ ഭാഗമായ പരിശോധനകള്‍ ശക്തമാക്കിയതിനാല്‍ ദുബായിയില്‍ നിന്നും മാറാനുള്ള ഇയാളുടെ ശ്രമവും വിഫലമായി. ഇയാള്‍ക്കെതിരെ ലുക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.

മൊബൈല്‍ നമ്പര്‍ പിന്‍തുടര്‍ന്നാണ് ഇയാള്‍ താമസിച്ചിരുന്ന സ്ഥലം വ്യക്തമായി കണ്ടെത്തിയത്.
കേസിലെ മൂന്നാം പ്രതിയായി ആണ് ഫൈസലിനെ എന്‍ഐഎ പ്രതി ചേര്‍ത്തത്. എന്നാല്‍ എന്‍ഐഎ അന്വേഷിക്കുന്ന ഫൈസല്‍ ഫരീദ് താന്‍ അല്ലെന്നായിരുന്നുവെന്നാണ് ഇയാള്‍ മാധ്യമങ്ങളെ അറിയിച്ചത്. ഇത് തെറ്റാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.