തിരുവനന്തപുരം: സർക്കാരിനെതിരെ തുറന്നടിച്ച് രൂക്ഷ വിമർശനവുമായി സിപിഐ. പരസ്യ ടെൻഡർ ഇല്ലാതെ സർക്കാർ, അർദ്ധ സർക്കാർ, സഹകരണ സ്ഥാപന പദവികൾ ഉപയോഗിച്ച് കോടികളുടെ കരാർ നേടുകയും അത് വൻകിട‑ചെറുകിടക്കാർക്ക് മറിച്ച് കൊടുത്ത് കമ്മീഷൻ വാങ്ങിച്ചു മാത്രം പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങൾ നമ്മുക്ക് ഉണ്ടെന്നും ഇത് ഒഴിവാക്കേണ്ടതുമാണ്.
സംസ്ഥാന മുഖപത്രമായ ജനയുഗത്തിൽ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു എഴുതിയ ലേഖനത്തിലാണ് കടുത്ത വിമർശനം.
മാഫിയകളും ലോബികളും ഇടതുപക്ഷ പ്രകടനപത്രികക്ക് അന്യമാണ്. കടലാസ് പദ്ധതികളുമായി വരുന്ന മാരീചന്മാരെ ഇടതുപക്ഷം തിരിച്ചറിയണം.കൺസൾട്ടൻസികളുടെ ചൂഷണം സർക്കാർ ഒഴിവാക്കണമെന്നും ലേഖനത്തിൽ പറയുന്നു.
ഇതോടൊപ്പം മന്ത്രി കെ ടി ജലീലിന് എതിരെയും ലേഖനത്തിൽ പേര് പറയാതെ വിമർശനമുണ്ട്. ചിലർ ചട്ടം ലംഘിച്ച് വിദേശ കോൺസുലേറ്റുമായി ബന്ധപ്പെട്ടത് അന്വേഷിക്കണമെന്നും ലേഖനത്തിൽ പറയുന്നു.
നേരത്തെ സ്പ്രിംഗ്ലര്‍ വിവാദത്തിലും ഐടി വകുപ്പിനെ പരസ്യമായി രൂക്ഷമായി വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തിയിരുന്നു. സിപിഎമ്മും കോടിയേരി ബാലകൃഷ്ണനുമടക്കം മുഖ്യമന്ത്രിക്ക് പൂര്‍ണ്ണപിന്തുണ നൽകുമ്പോഴും മുന്നണി മുഖ്യമന്ത്രിക്ക് ഒപ്പമില്ലെന്നാണ് മുഖപത്രത്തിലെ ലേഖനം സൂചന നൽകുന്നത്.
ലേഖനത്തിൻ്റെ പൂർണ രൂപം
ബ്രിട്ടീഷ് പാർലമെന്റിൽ സ്പീക്കറുടെ ഇടതുവശത്തിരിക്കുന്നവരെ ഇടതുപക്ഷമെന്നും വലതുവശത്തിരിക്കുന്നവരെ (ട്രഷറി ബഞ്ചിനെ) വലതുപക്ഷം എന്നും വിളിച്ചതിൽ നിന്നാണ് രാഷ്ട്രീയ പാർട്ടികളിലെ പക്ഷങ്ങൾ ഉണ്ടായത് എന്നത് ഒരു ചരിത്ര യാഥാർത്ഥ്യമാണെങ്കിലും ഇന്ന് ഇടതുപക്ഷ രാഷ്ട്രീയം എന്നാൽ അവയ്ക്കെല്ലാം മേലെയാണ്. ഇന്നത്തെ ഇടതുപക്ഷ രാഷ്ട്രീയം കമ്മ്യൂണിസ്റ്റ് ആശയങ്ങളുമായി ബന്ധിക്കപ്പെട്ടതാണ്. ആ രാഷ്ട്രീയത്തിന് ഭരണത്തിനും സമരത്തിനും പുറത്ത് തെളിമയാർന്ന ഒരു കാഴ്ചപ്പാടുണ്ട്. പാർലമെന്ററി ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികൾ വിവിധ സംസ്ഥാനങ്ങളിലും അപൂർവ സന്ദർഭത്തിൽ കേന്ദ്രത്തിലും അധികാരത്തിൽ വന്നിട്ടുമുണ്ട്.
അപ്പോഴെല്ലാം അതിന്റെ പ്രതിനിധികൾ ഒരു ബൂർഷ്വാ ഭരണ സംവിധാനത്തിനുള്ളിലും തങ്ങളുടെ ഇടതുപക്ഷ രാഷ്ട്രീയ നിലപാടുകളെ പരമാവധി സംരക്ഷിച്ചുകൊണ്ട് മുന്നോട്ടു നീങ്ങുകയാണ് ചെയ്തിട്ടുള്ളത്. അതിന്റെ ഫലമായിട്ടാണ് കേരളത്തിൽ ഭൂപരിഷ്കരണ നിയമം നടപ്പിലാക്കിയതും സാർവത്രിക സൗജന്യ വിദ്യാഭ്യാസം നടപ്പിലാക്കാൻ കഴിഞ്ഞതും, ആതുര സേവനരംഗം മെച്ചപ്പെട്ടതും തലചായ്ക്കാനിടമില്ലാത്തവർക്ക് ലക്ഷം ഭവന പദ്ധതി നടപ്പിലാക്കിയതും ശക്തമായ പൊതുവിതരണ ശൃംഖല കെട്ടിപ്പടുത്തതും. കാർഷിക മേഖലയുമായി ബന്ധപ്പെട്ടും, കശുഅണ്ടി മേഖലയുമായി ബന്ധപ്പെട്ടും ആധുനിക വ്യവസായമായ ഇലക്ട്രോണിക്സുമായി ബന്ധപ്പെട്ടും നിരവധി പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങൾ ഉണ്ടായതും അങ്ങനെയാണ്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരവും സമ്പത്തും വികേന്ദ്രീകരിച്ചു നൽകിയതും ആ കാഴ്ചപ്പാടിൽ നിന്നുകൊണ്ടാണ്. കേരളത്തിലെ വയലാർ‑പുന്നപ്ര സമരം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെട്ടതും ഒരു ഇടതുപക്ഷ മന്ത്രി കേന്ദ്ര ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തപ്പോഴാണ്. രാജ്യത്ത് പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ഏറെ ആശങ്കയുള്ളതും രാജ്യത്തെ ഇടതുപക്ഷ സംഘടനകൾക്കാണ്. പ്രകൃതി മനുഷ്യനു മാത്രം അവകാശപ്പെട്ടതല്ലെന്നും അത് മനുഷ്യനുൾപ്പെടെയുള്ള എല്ലാ ജീവജാലങ്ങൾക്കും ഒരുപോലെ അവകാശപ്പെട്ടതാണെന്നും അത് കൂടുതൽ മെച്ചപ്പെട്ട നിലയിൽ അടുത്ത തലമുറയ്ക്ക് കൈമാറ്റം ചെയ്യേണ്ടതാണെന്നും മാനവ സമൂഹത്തോട് ഉറക്കെ വിളിച്ചു പറഞ്ഞത് കാറൽ മാർക്സും ഫ്രെഡറിക് എംഗൽസുമാണ്. അതുകൊണ്ട് തന്നെ വികസന പ്രക്രിയയിൽ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കാതൽ പ്രകൃതി സംരക്ഷണത്തിലൂന്നിയ വികസനമാണ്.
ഐക്യകേരള പിറവിക്കുശേഷം 1957 ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കേരളത്തിൽ അധികാരത്തിൽ വരാൻ കഴിഞ്ഞത് പ്രധാനമായും പാർട്ടി ജനങ്ങളുടെ മുൻപിൽ അവതരിപ്പിച്ച ഇടതുപക്ഷ കാഴ്ചപ്പാടോടുകൂടിയ പ്രകടന പത്രികയുടെയും അതിലെ വാഗ്ദാനങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു. എന്നാൽ ഇപ്പോൾ അഞ്ചു വർഷത്തിലൊരിക്കൽ നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ സ്വന്തം പ്രകടന പത്രിക ജനസമക്ഷം അവതരിപ്പിച്ച് അംഗീകാരം വാങ്ങുന്നതിനേക്കാൾ ഭരണവിരുദ്ധ വികാരം ശക്തിപ്പെടുത്തുകയും അതിന്റെ അടിസ്ഥാനത്തിൽ ഭാഗ്യ പരീക്ഷണം നടത്തുകയുമാണ് ചെയ്യുന്നത്. സ്വന്തം പ്രകടന പത്രികാ വാഗ്ദാനങ്ങളെ സൗകര്യപൂർവം മറക്കാൻ ഭരണത്തിലെത്തുന്നവർക്ക് ഇത് സഹായകരമാകുന്നു.
കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി 2016 ലെ തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പിലാക്കി വരികയാണ്. സാമൂഹ്യക്ഷേമ പെൻഷൻ വർധിപ്പിച്ചതും, ഭവന രഹിതരില്ലാത്ത കേരള സൃഷ്ടിക്കായി സമയ ബന്ധിതമായി ഭവന നിർമ്മാണ പദ്ധതികൾ നടപ്പിലാക്കുന്നതും, സമ്പൂർണ ഗ്രാമ വൈദ്യുതീകരണം നടപ്പിലാക്കിയതും, ഉപാധിരഹിത പട്ടയം നൽകിയതും, കാർഷിക മേഖലയിൽ നെൽവയലുകൾക്ക് റോയൽറ്റി ഏർപ്പെടുത്തിയതുമെല്ലാം മുന്നണി നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായിട്ടാണ്. പ്രകടന പത്രികയെ മറന്ന് ആതിരപ്പള്ളി പദ്ധതി പോലെ പരിസ്ഥിതി സംഹാര പദ്ധതികൾ കൊണ്ടുവരാൻ ചിലർ ശ്രമിച്ചപ്പോൾ എതിർക്കേണ്ടി വന്നതും അതുകൊണ്ടാണ്.വൻകിട വ്യവസായ ലോബികളും റിസോർട്ട് മണൽ മാഫിയകളും ഊഹക്കച്ചവടക്കാരും ഇടതുപക്ഷത്തിന്റെ പ്രകടന പത്രികയ്ക്ക് അന്യമാണ്. അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കാനായി പല ”അവതാരങ്ങളും” ഈ ഗവൺമെന്റിനെയും സ്വാധീനിക്കാൻ ശ്രമിക്കുമെന്ന് മുൻകൂട്ടി കണ്ടവരാണ് കേരളത്തിലെ ഇടതുപക്ഷ നേതാക്കൾ. അത്തരം അവതാരങ്ങളുടെ വലയിൽ ഇടതുപക്ഷ നേതാക്കൾ വീഴുകയില്ലായെന്ന് ബോദ്ധ്യമായതുകൊണ്ടാവാം അവർ ഉന്നത ബ്യൂറോക്രാറ്റുകളെ സ്വാധീനിക്കാൻ ശ്രമിച്ചത്. അത്തരം ഉന്നതർ അവരുടെ വലയിൽ വീണിട്ടുണ്ടെങ്കിൽ അവർ തന്നെ അതിനുത്തരം പറയേണ്ടതായും വരും. ”ഉപ്പു തിന്നവർ ആരോ അവർ വെള്ളം കുടിക്കും” എന്ന് കേരളാ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.സർക്കാരിന്റെയും സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെയും ഉന്നത ശ്രേണികളിൽ ഇരുന്നുകൊണ്ട് രാജ്യദ്രോഹ കുറ്റങ്ങൾക്ക് കൂട്ടുനിൽക്കുകയോ രാജ്യദ്രോഹികൾക്ക് പ്രത്യക്ഷമായോ പരോക്ഷമായോ സംരക്ഷണം നൽകുകയോ ചെയ്തിട്ടുള്ള ഒരാളും അവർ എത്ര ഉന്നതരായാലും നിയമത്തിന്റെ പഴുതുകളിൽ കൂടി പോലും രക്ഷപ്പെടാൻ പാടില്ല. വലമുറുക്കുന്നതിന് എത്ര സമയമെടുത്താലും അത് അധികമാവുകയില്ല. തെറ്റു ചെയ്തവരെ ഈ സർക്കാർ സംരക്ഷിക്കുകയില്ലാ എന്നതുകൊണ്ടാണ് എം ശിവശങ്കർ ഐഎഎസ് ഇപ്പോൾ സസ്പെൻഡ് ചെയ്യപ്പെട്ടത്.
ജൂൺ 30നാണ് എമിറേറ്റ്സ് വിമാനത്തിലെ കാർഗോയിൽ വിവാദമായ 15 കോടി രൂപയോളം വിലവരുന്ന 30 കിലോ സ്വർണം അടങ്ങിയ ”ഡിപ്ലോമാറ്റിക് ബാഗ്ഗേജ്” എന്നു വിളിക്കപ്പെട്ട ലഗേജ് യു എ ഇ കോൺസുലേറ്റിലെ അറ്റാഷെയുടെ പേരിൽ എത്തിയത്. കസ്റ്റംസിന്റെ പിടിയിലായവർ പറഞ്ഞതായി പുറത്തുവന്ന റിപ്പോർട്ട് പറയുന്നത് 2019 സെപ്തംബർ മുതൽ 2020 ജൂലൈ വരെയായി എട്ടുതവണ നയതന്ത്ര പരിരക്ഷയിൽക്കൂടി സ്വർണ കള്ളക്കടത്തു നടത്തിയിട്ടുണ്ട് എന്നാണ്. അങ്ങനെ കൊണ്ടുവരുന്ന സ്വർണം ജൂവലറികൾക്കു കൊടുക്കുക മാത്രമല്ല സ്വർണവും സ്വർണം വിറ്റുകിട്ടുന്ന പണവും രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കു വിനിയോഗിക്കുന്നു എന്ന റിപ്പോർട്ടുകൾ നമ്മെ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പിക്കുന്നവയാണ്. സ്വർണ കള്ളക്കടത്തിനോടൊപ്പം രാജ്യദ്രോഹ പ്രവൃത്തികളിലും ഒരു വിദേശ രാജ്യത്തിന്റെ കോൺസുലേറ്റ് ജനറലിന്റെ ഓഫീസിലെ അറ്റാഷെ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ അത് അന്താരാഷ്ട്ര നയതന്ത്ര ബന്ധങ്ങളെ പിടിച്ചുലയ്ക്കുന്നതായിരിക്കും.കേരളത്തിൽ നടന്ന സ്വർണ കള്ളക്കടത്തിനെ വെറും ഒരു പൈങ്കിളി കഥയാക്കി ചിത്രീകരിച്ച് യഥാർത്ഥ കുറ്റകൃത്യത്തെ ലഘൂകരിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. അവർ പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കുന്നില്ല. ഇവിടെ കുറ്റവാളികൾ സ്ത്രീയോ പുരുഷനോ എന്നതല്ല പ്രധാനം. കള്ളക്കടത്തിന്റെ യഥാർത്ഥ ഡോണുകൾ സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ഇതിൽ കണ്ണികളാക്കുന്നു. അഭ്യസ്തവിദ്യരായ യുവതീ-യുവാക്കളെ അധികാരസ്ഥാനങ്ങളെ സ്വാധീനിക്കാൻ നിയോഗിക്കുന്നു. അവരെ ഐടി പ്രൊഫഷണൽ എന്ന നിലയിൽ വിദേശ കൺസൾട്ടൻസികളുടെയും കരാറുകളുടെയും മറവിൽ താക്കോൽ സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കുന്നു.
തന്ത്രപ്രധാനമായ സ്ഥാനങ്ങളിൽ അല്ലെങ്കിൽ തന്നെയും അവരുടെ ആകർഷകമായ സംഭാഷണ ചാതുര്യവും പ്രസരിപ്പും ഒരു മുതലാളിത്ത സാമൂഹ്യവ്യവസ്ഥയിൽ അധികാരത്തിലിരിക്കുന്ന പലരെയും സ്വാധീനിക്കുന്നുണ്ടാവാം. വ്യവസായ വികസനത്തിന്റെ പേരിലും സമ്പദ്ഘടനാ വളർച്ചയ്ക്കുമെന്ന പേരിലും ഐടി സഹായത്താൽ വെറും കടലാസ് പ്രോജക്ടുകളുമായി ഭരണതലങ്ങളിൽ സ്വാധീനിക്കാനും സർക്കാർ പണം കൈക്കലാക്കാനും വരുന്ന ആധുനിക മാരീചന്മാരെ ഇടതുപക്ഷം അധികാരത്തിലിരിക്കുമ്പോൾ തിരിച്ചറിയണം. ഇത്തരം പ്രതിഭാസങ്ങൾ ഒരിക്കലും ആവർത്തിക്കാൻ പാടില്ല. എന്തായാലും ഐ റ്റി വകുപ്പ് നടത്തിയ കരാർ, കൺസൾട്ടൻസി നിയമനങ്ങളെല്ലാം അന്വേഷിക്കാൻ സർക്കാർ കൈക്കൊണ്ട തീരുമാനം സ്വാഗതാർഹമാണ്. വിദേശ കോൺസുലേറ്റ് ഓഫീസുകളുമായി ബന്ധപ്പെടുന്നതിനും നമ്മുടെ രാജ്യത്ത് വ്യക്തമായ നിയമങ്ങളും ചട്ടങ്ങളും മാർഗനിർദ്ദേശങ്ങളുമുണ്ട്. അത് ചിലർ ദുരുപയോഗം ചെയ്യുന്നു എന്നതും അന്വേഷിക്കേണ്ടതാണ്.കഴിഞ്ഞ എത്രയോ വർഷങ്ങളായി നമ്മുടെ വിവിധ എയർപോർട്ടുകൾ കള്ളക്കടത്തിന്റെ കേന്ദ്രങ്ങളാണ്. കൂണുകൾ പോലെ നമ്മുടെ നാട്ടിൽ സ്വർണക്കടകൾ പെരുകിയിട്ടും ഇവയുടെ ഉറവിടം കണ്ടെത്താൻ ഇന്റലിജൻസോ കസ്റ്റംസോ മറ്റേതെങ്കിലും ഏജൻസികളോ ശ്രമിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. അതുകൊണ്ടുതന്നെ കള്ളക്കടത്ത് നിർബാധം തുടരുന്നു.
ഇക്കഴിഞ്ഞ ദിവസം ഒരു മാധ്യമ റിപ്പോർട്ടിൽ കണ്ടത് കേരളത്തിൽ പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ, കെപിഎംജി ഉൾപ്പെടെ 45 ൽ പരം കൺസൾട്ടൻസി സർവീസുകൾ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നു എന്ന്. ഒഴിവാക്കാൻ കഴിയുന്ന ചൂഷണമാണ് ഇവർ നടത്തുന്നത്. പരസ്യ ടെൻഡർ ഇല്ലാതെ സർക്കാർ, അർദ്ധ സർക്കാർ, സഹകരണ സ്ഥാപന പദവികൾ ഉപയോഗിച്ച് കോടികളുടെ കരാർ നേടുകയും അത് വൻകിട‑ചെറുകിടക്കാർക്ക് സബ്‌ലെറ്റ് ചെയ്തുകൊണ്ട് (മറിച്ച് കൊടുത്ത്) കമ്മീഷൻ വാങ്ങിച്ചു മാത്രം പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങളും നമുക്കുണ്ട്. ഇതെല്ലാം ഒഴിവാക്കേണ്ടുന്നതാണ്.
ഏതാനും വർഷങ്ങൾക്ക് മുൻപ് ഇന്ത്യാ-പാക് അതിർത്തിയിൽ നിന്നും പിടികൂടിയ തീവ്രവാദികളിൽ ചിലരെ ചോദ്യം ചെയ്തപ്പോൾ തൊഴിൽ രഹിതരായ യുവാക്കളെ സാമ്പത്തിക നേട്ടത്തിനു മാത്രമായി തീവ്രവാദ പ്രവർത്തനങ്ങൾക്ക് റിക്രൂട്ട് ചെയ്യുന്ന കേരളീയരായ ചില അധമന്മാരും അക്കൂട്ടത്തിലുണ്ടായിരുന്നു എന്ന വാർത്ത ഞെട്ടലോടെ നാം കേട്ടു. ഇപ്പോൾ രാജ്യദ്രോഹ — തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ സ്വർണ കള്ളക്കടത്തു നടത്തുന്നവരും ഇവിടെയുണ്ട് എന്നത് സമ്പൂർണ സാക്ഷരത നേടിയ പ്രബുദ്ധ കേരളത്തിന് അപമാനകരമാണ്. ദേശീയ സുരക്ഷാ ഏജൻസിയും കസ്റ്റംസും പൊലീസും സ്വതന്ത്രമായി നടത്തുന്ന പഴുതടച്ച അന്വേഷണത്തിൽക്കൂടി രാജ്യത്തെ അസ്ഥിരീകരിക്കാൻ ശ്രമിക്കുന്ന മുഴുവൻ കറുത്ത ശക്തികളെയും പുറത്തു കൊണ്ടുവരാൻ കഴിഞ്ഞാൽ അത് രാജ്യത്തിനും സംസ്ഥാനത്തിനും ഏറെ അഭിമാനകരം തന്നെയാണ്.