നവവധുവിന് വൈറസ് ബാധ; കറങ്ങി നടന്ന വരന്റെ പിതാവിനെതിരെ കേസെടുത്തു

മാനന്തവാടി: നവ വധുവിന് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ വരന്റെ പിതാവിനെതിരെ പോലീസ് കേസെടുത്തു. ക്വാറന്റൈന്‍ ലംഘനത്തിനാണ് കേസെടുത്തിരിക്കുന്നത്.

ഇതോടെ വരനും ബന്ധുക്കളും, വിവാഹം നടത്തിയ വൈദീകരും ഉള്‍പ്പെടെ ക്വാറന്റൈനിലായി. വരന്റെ പിതാവായ എടവക ഗ്രാമ പഞ്ചായത്ത് സ്വദേശിക്കെതിരെയാണ് മാനന്തവാടി പൊലീസ് കേസ് എടുത്തത്. മകൻ്റെ ഭാര്യയുടെ രോഗബാധ തിരിച്ചറഞ്ഞിട്ടും ഓട്ടോറിക്ഷാക്കാരനായ ഇയാൾ മാസ്ക് ധരിക്കാതെ പലയിടങ്ങളിലും കറങ്ങി നടക്കുന്നതായി പരാതികൾ ഉയർന്നിരുന്നു.

ജൂലൈ 13നായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞതിന് ശേഷമാണ് വധുവിന് കൊറോണ സ്ഥിരീകരിച്ചത്. മൂന്ന് വൈദികരും, അന്‍പതോളം പേരുമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വധുവിന് കൊറോണ സ്ഥിരീകരിച്ചതോടെ പള്ളിയില്‍ അണുനശീകരണം നടത്തി. ഗൂഡല്ലൂർ സ്വദേശിയായ വധുവിൻ്റെ വിവാഹത്തിന് മുമ്പ് നടത്തിയ പരിശോധനയുടെ ഫലം വിവാഹശേഷം പുറത്തുവന്നതോടെയാണ് ആശങ്ക പടർന്നത്.

നിരീക്ഷണത്തിൽ കഴിയേണ്ട ഓട്ടോക്കാരൻ സമീപ പഞ്ചായത്തുകളിലൊക്കെ യാത്ര ചെയ്യുകയും നിരവധി പേരുമായി അടുത്തിടപഴകുകയും ചെയ്തിരുന്നു.