കൊല്ലം: ജില്ലയിൽ കൊറോണ രോഗികളുടെ വിവരങ്ങൾ മറച്ചു വയ്ക്കുന്നതായി ആരോപണം. ജില്ലയിൽ പൊലീസുകാരടക്കം പലർക്കും ഇതിനോടകം രോഗം സ്ഥിരീകരിച്ചെങ്കിലും ഇവരുടെയൊന്നും വിവരം ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ലെന്നാണ് പരാതി. റിമാൻഡ് തടവുകാർക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് കൊട്ടാരക്കര, പുനലൂർ പൊലീസ് സ്റ്റേഷനുകളിലെ പൊലീസുകാർ ക്വാറൻ്റൈനിൽ പോയിരിക്കുകയാണ്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കും പൊലീസുകാരനും അഭിഭാഷകർക്കും ഇതിനോടകം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാൽ ഇവരുടെയൊന്നും വിവരങ്ങൾ ആരോഗ്യവകുപ്പ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. മാത്രമല്ല ജില്ലാഭരണകൂടവും ആരോഗ്യവകുപ്പും പങ്കുവെയ്ക്കുന്ന കണക്കുകളിലും പൊരുത്തക്കേടുകളുണ്ടെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. സമ്പര്‍ക്കം വഴിയുള്ള രോഗികള്‍ ജില്ലയിൽ നാൾക്കുനാൾ വര്‍ധിക്കുമ്പോഴും വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലെന്ന പരാതിയും ഇപ്പോൾ ഉയർന്നിട്ടുണ്ട്.