പെരുമ്പാവൂർ: കുറുപ്പംപടി തുരുത്തിയിൽ നാടൻ ബോംബ് എറിഞ്ഞ നാലംഗ സംഘത്തെ പിടികൂടി. കുറുപ്പംപടി പോലീസും ആലുവ റൂറൽ എസ്പിയുടെ സ്ക്വാഡും നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെയാണ് ബോംബ് എറിഞ്ഞ സംഘത്തെ പിടികൂടിയത്. കോതമംഗലത്തെ രഹസ്യ കേന്ദ്രത്തിൽ ഒളിച്ചിരുന്ന ഇവരെ സാഹസികമായാണ് പോലീസ് പിടികൂടിയത്. പിടികൂടുന്ന സമയത്ത് 10 നാടൻ ബോംബുകളും മറ്റ് ആയുധങ്ങളും ഇവരുടെ പക്കലുണ്ടായിരുന്നു.
പാണിയേലി കൊമ്പനാട് മനാംകുഴി ലാലു (24), രായമംഗലം മറ്റപ്പാടൻ വീട്ടിൽ ലിയോ വർഗീസ് (24), അകനാട് വേങ്ങൂർ കുന്നുമ്മേൽ വിഷ്ണു ദാസി (25), കാലടി മാണിക്കമംഗലം കാരിക്കോത്ത് ശ്യാം കുമാർ (33) എന്നിവരെയാണ് പിടികൂടിയത്.
കഴിഞ്ഞ ദിവസം കുറുപ്പംപടി തുരുത്തിയിലാണ് ഇവർ ബോംബ് എറിഞ്ഞത്. കൊമ്പനാട് നടന്ന കത്തികുത്തിൻ്റെ ബാക്കിയായാണ് ആക്രമണമുണ്ടായത്. 12നു രാത്രി 8.30നു പുതുമന ലക്ഷംവീട് കോളനിക്കു സമീപമായിരുന്നു കത്തികുത്ത് നടന്നത്. മുൻ വൈരാഗ്യമാണു കത്തിക്കുത്തിൽ കലാശിച്ചത്. സംഭവത്തിന് ഒത്താശ ചെയ്തു കൊടുത്ത അമലിന് നേരെയാണ് തുരുത്തിയിൽ ആക്രമണം ഉണ്ടായത്. പ്രശ്നം പറഞ്ഞു തീർക്കാൻ എന്ന വ്യാജേനെ അമലിനെ വിളിച്ചു വരുത്തിയ ശേഷം നാടൻ ബോംബ് എറിയികയായിരുന്നു.
സംഘർഷത്തിൽ ഉൾപ്പെട്ട രണ്ടു കൂട്ടരും പ്രശ്നം പറഞ്ഞു തീർക്കുന്നതിനായി തുരുത്തി സ്റ്റേഡിയത്തിൽ ഒത്തുകൂടിയപ്പോഴാണ് ഇവർ ആക്രമണം നടത്തിയത്.
കാറിലെത്തിയ സംഘം സ്റ്റേഡിയത്തിലേക്ക് നാടൻ ബോംബ് എറിയുകയായിരുന്നു. സ്റ്റേഡിയത്തിൽ നിരവധി ആളുകൾ ഉണ്ടായിരുന്നെങ്കിലും നാടൻ ബോംബ് സ്റ്റെപ്പിൽ തട്ടി പുറത്തേക്കു വീണ് പൊട്ടുകയായിരുന്നു. സ്ഫോടന ശബ്‌ദം കേട്ട് നാട്ടുകാർ ഓടി കൂടി. അതോടെ അക്രമി സംഘം കാറിൽ കയറി രക്ഷപെടാൻ നോക്കി. കുറുപ്പംപടി പോലീസ് തക്ക സമയത്ത് സംഭവസ്ഥലത്ത് എത്തി. തുടർന്ന്കാറിൽ രക്ഷപെടാൻ ശ്രമിച്ച രണ്ടുപേരെ കൈയോടെ പിടികൂടിയിരുന്നു. ഒരാൾ അടുത്ത വീട്ടിൽ ഒളിച്ചെങ്കിലും ഇയാളെയും പോലീസ് പിടികൂടി. യുവാക്കളായ ചിലർ കുറച്ചു നാളുകളായി തുരുത്തിയിൽ കഞ്ചാവ് വ്യാപാരം നടത്തുന്നതായി നാട്ടുകാർ പറയുന്നു.