രാജസ്ഥാനിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് മായാവതി

ലഖ്‌നൗ: രാജസ്ഥാനിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. രാജസ്ഥാൻ ഗവർണർ കൽരാജ് മിശ്ര സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ആവശ്യവുമായാണ് മായാവതി രം​ഗത്തെത്തിയത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത് ചട്ടങ്ങൾ ലംഘിച്ച് ബിഎസ്പി എംഎൽഎമാരെ കോൺഗ്രസിൽ ചേർത്ത് രണ്ടാംതവണയും വഞ്ചിച്ചെന്ന് മായാവതി പറഞ്ഞു. ബിഎസ്പി എംഎൽഎമാർക്ക് പണം കൊടുത്താണ് കോൺഗ്രസിൽ ചേർത്തതെന്ന് സച്ചിൻ പൈലറ്റിനൊപ്പമുള്ള രമേശ് മീണ എന്ന എംഎൽഎ വെളിപ്പെടുത്തിയിരുന്നു. ബിഎസ്പി ടിക്കറ്റിൽ മത്സരിച്ച്‌ ജയിച്ച രമേശ് മീണയടക്കമുള്ള ബിഎസ്പി എംഎൽഎമാർ പിന്നീട് കോൺഗ്രസിൽ ചേരുകയായിരുന്നു. പാർട്ടി എംഎൽഎമാരെ ഒന്നാകെ അടർത്തി കോൺഗ്രസിലെത്തിച്ചതുമുതൽ മായാവതി ഗഹലോത്തിനും കോൺഗ്രസിനുമെതിരെ രൂക്ഷമായി വിമർശനം അഴിച്ചുവിട്ടിരുന്നു.

‘ഫോൺ ചോർത്തിയതിലൂടെ ഗെഹ്‌ലോത് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ കാര്യം ചെയ്‌തെന്ന് വ്യക്തമായി. രാജസ്ഥാനിൽ നിലനിൽക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയും അസ്ഥിരതയും ഗവർണർ മനസ്സിലാക്കണം. രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ ശുപാർശ ചെയ്യണം. ജനാധിപത്യത്തിന്റെ നില വഷളക്കാൻ അനുവദിക്കരുത്’- മായാവതി ട്വിറ്ററിലൂടെ വ്യക്തമാക്കി.