സംസ്ഥാനങ്ങളിൽ കുതിരക്കച്ചവടം; ബിജെപിക്കാർ ചാണകത്തിലെ പുഴുക്കളെന്ന് കോൺഗ്രസ്​ നേതാവ്

മുംബൈ: ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി മഹാരാഷ്​ട്രയിലെ മന്ത്രിയും കോൺഗ്രസ്​ നേതാവുമായ യശോമതി താക്കൂർ രംഗത്ത്​. രാജസ്​ഥാനിലെ രാഷ്ട്രീയപ്രതിസന്ധിയെക്കുറിച്ച് പ്രതികരിച്ചപ്പോഴാണ്​ യശോമതി ബിജെപി നേതാക്കളെ ‘ഗോബർ കെ കീടെ’ അഥവാ ചാണകത്തിലെ പുഴുക്കൾ എന്ന്​ വിളിച്ചത്​. ജനാധിപത്യ സർക്കാറുകളെ അട്ടിമറിക്കുന്ന ബിജെപിയുടെ കുതിരക്കച്ചവടത്തിനെതിരായാണ്​ മന്ത്രി രംഗത്ത്​ വന്നത്​.

അതേസമയം യശോമതിയുടെ പ്രസ്​താവനക്കെതിരെ ബിജെപി നേതാവ്​ രാം കദം രംഗത്ത്​ വന്നു. ജനങ്ങൾ തെരഞ്ഞെടുത്ത ബിജെപി എംഎൽഎമാരെ അവഹേളിക്കുന്ന പ്രസ്താവനയാണിതെന്ന്​ അദ്ദേഹം പറഞ്ഞു. കർണാടകയിലും മധ്യപ്രദേശിലും അധികാരം പിടിച്ച ബിജെപി തങ്ങളുടെ അടുത്ത ലക്ഷ്യം രാജസ്​ഥാനും തുടർന്ന്​ മഹാരാഷ്​ട്രയും ആണെന്ന്​ പ്രഖ്യാപിച്ചിരുന്നു.
‘ബിജെപി കർണാടകയിലും മധ്യപ്രദേശിലും ഇപ്പോൾ രാജസ്​ഥാനിലും കുതിരക്കച്ചവടം നടത്തുകയാണ്​. മഹാരാഷ്​ട്രയിൽ അവരുടെ കളികൾ നടക്കില്ല. ഞങ്ങളുടെ സർക്കാർ കാലാവധി പൂർത്തിയാക്കും. ഇവിടത്തെ പല ബിജെപി നേതാക്കളും ഞങ്ങളുമായി സമ്പർക്കം പുലർത്തുന്നുണ്ട്​. ഞങ്ങളുടെ എംഎൽ.എമാരെ ചാക്കിട്ട്​ പിടിക്കാൻ നടക്കാതെ സ്വന്തംകാര്യം നോക്കലാണ്​ മഹാരാഷ്​ട്രയിൽ ബിജെപിക്ക്​ നല്ലത്​’-എന്നാണ് യശോമതി പറഞ്ഞത്.