ജയ്പൂർ: മുഖ്യമന്ത്രി അശോക് ഗെലോട്ടും മുൻ ഉപമുഖ്യമന്ത്രിയും തമ്മിൽ കടുത്ത പോര് കൊഴുക്കുന്ന രാജസ്ഥാനിൽ രണ്ട് എംഎൽഎമാരെക്കൂടി ഒപ്പം ചേർത്ത് ഗെലോട്ട് നില മെച്ചപ്പെടുത്തി. നേരത്തേ സർക്കാരിന് പിന്തുണ പിൻവലിച്ച ഭാരതീയ ട്രൈബൽ പാർട്ടി ഓഫ് ഇന്ത്യ (ബിടിപി) യിലെ രണ്ട് എംഎൽഎമാരാണ് അശോക് ഗെലോട്ടിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയത്.
അതേ സമയം ബിജെപി കാര്യങ്ങൾ വിലയിരുത്തി അവസരത്തിനൊത്ത് മുന്നേറാൻ കാത്തിരിക്കുകയാണെന്ന് നിരീക്ഷകർ പറയുന്നു.
ശനിയാഴ്ച വൈകുന്നേരം ബിടിപി എംഎൽഎമാർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നും അവരുടെ ആവശ്യം ചർച്ച ചെയ്ത സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചതായും അശോക് ഗെലോട്ട് തന്നെയാണ് ട്വീറ്റ് ചെയ്തത്.
കോൺഗ്രസിന് പാർട്ടി നയാധിഷ്ഠിത പിന്തുണ നൽകുന്നുണ്ടെന്നും സർക്കാർ അവരുടെ ആവശ്യങ്ങൾ നിറവേറ്റുകയാണെങ്കിൽ, ആവശ്യം വന്നാൽ പിന്തുണയ്ക്കുമെന്നും ബിടിപി അധ്യക്ഷൻ വേലറാം ഗോഗ്ര നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലും ബിടിപി കോൺഗ്രസിന് വോട്ട് ചെയ്തിരുന്നു. അതിനു ശേഷമുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ പരിഹരിക്കപ്പെട്ടെന്നാണ് വിവരം.
ഇതോടെ 200 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷമായ 101 സീറ്റുകൾ കോൺഗ്രസ് ഉറപ്പാക്കിയെന്നാണ് ഗെലോട്ട് പക്ഷത്തിൻ്റെ വാദം. ബിജെപിക്ക് 72 എംഎൽഎമാരാണുള്ളത്. സച്ചിൻ പൈലറ്റിനൊപ്പമുള്ള 12 പേരാണ് ഹരിയാനയിലെ റിസോർട്ടിൽ കഴിയുന്നതെന്നാണ് റിപ്പോർട്ട്. ഇവരെ കർണാടകത്തിലേക്ക് മാറ്റാൻ സച്ചിൻ ശ്രമിക്കുന്നതായി കോൺഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ സംഭവവികാസങ്ങൾ സൂഷ്മമായി നിരീക്ഷിച്ച് സർക്കാരിനെ പുറത്താക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.