തിരുവനന്തപുരം : കൊറോണ സാമൂഹ്യവ്യാപന ഭീഷണി പരന്നതോടെ സംസ്ഥാനത്ത് ആശങ്കയേറി. വിവിധ ജില്ലകളിലെ സമ്പർക്ക രോഗികളുടെ എണ്ണം വർധിക്കുന്നത് സാമൂഹ്യ വ്യാപനത്തിന് ഇടയാക്കുമോ എന്ന ഭീതിയും വർധിപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരത്തെ തീരമേഖലകളിലാണ് സമൂഹവ്യാപനം ഉണ്ടായതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. തീരദേശത്ത് രണ്ടാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പാക്കാനാണ് ആലോചന.
എറണാകുളത്തും സ്ഥിതി രൂക്ഷമാണ്. ജില്ലയില്‍ ചെല്ലാനം, ആലുവ, കീഴ്മാട് ക്ലസ്റ്ററുകളിലെല്ലാം രോഗവ്യാപനം രൂക്ഷമാണ്. ചെല്ലാനം ക്ലസ്റ്ററില്‍ പുതുതായി 33 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നുദിവസം കൊണ്ട് 97 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ ചെല്ലാനത്ത് മാത്രം കൊറോണ ബാധിച്ച് ചികില്‍സയിലുള്ളവരുടെ എണ്ണം 170 ആയി.
രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചെല്ലാനം പൂര്‍ണമായും അടച്ചു പൂട്ടിയിരിക്കുകയാണ്. എങ്കിലും രോഗബാധ പുറത്തേക്ക് പടരുമോ എന്ന ആശങ്ക ആരോഗ്യപ്രവര്‍ത്തകര്‍ പങ്കുവെക്കുന്നുണ്ട്. ചെല്ലാനത്ത് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ പൂര്‍ത്തിയായി. ഇതോടെ ഗുരുതരമായ രോഗികളെ മാത്രം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയാല്‍ മതിയെന്നാണ് തീരുമാനം.
ആലുവയിലും ആലപ്പുഴയിലും പുതിയ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടുണ്ട്. ആലുവയില്‍ പുതുതായി 30 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതുപോലെ തന്നെ കീഴ്മാട് കേന്ദ്രീകരിച്ച് പുതിയ ക്ലസ്റ്റര്‍ രൂപപ്പെടുന്നതായും ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. എന്നാല്‍ ഇവിടെ ചില കുടുംബങ്ങളില്‍ മാത്രമായി രോഗവ്യാപനം ഒതുങ്ങിയെന്നും, സമൂഹ വ്യാപനത്തിലേക്ക് എത്തിയിട്ടില്ലെന്നുമാണ് ആരോഗ്യപ്രവര്‍ത്തകരുടെ വിലയിരുത്തല്‍.
ആലപ്പുഴയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ച 57 പേരില്‍ 40 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. ആലപ്പുഴയിലെ തുറവൂര്‍, കുത്തിയതോട് തുടങ്ങിയ പ്രദേശങ്ങളിലും രോഗവ്യാപന സാധ്യത വര്‍ധിച്ചു. മല്‍സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട മേഖലയില്‍ കര്‍ശനമായി സ്ഥിതി നിരീക്ഷിക്കാനാണ് തീരുമാനം.