കൊച്ചി: മക്കളെക്കൊണ്ടു നഗ്നശരീരത്തിൽ ചിത്രം വരപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ രഹ്ന ഫാത്തിമയ്ക്കെതിരെ പോക്സോ, ഐടി, ബാലനീതി നിയമങ്ങൾ പ്രകാരം അന്വേഷണം മുന്നേറുകയാണെന്നു പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. രഹ്നയുടെ മുൻകൂർ ജാമ്യഹർജിയെ എതിർത്താണ് എറണാകുളം ടൗൺ സൗത്ത് ഇൻസ്പെക്ടറുടെ വിശദീകരണ പത്രിക. ഫോൺ കോളുകളുടെയും ചാനൽ അക്കൗണ്ട് റജിസ്ട്രേഷന്റെയും വിഡിയോ അപ്‌ലോഡ് ചെയ്തതിന്റെയും വിവരങ്ങൾ ശേഖരിക്കും. ഈ വിഷയത്തിൽ തിരുവല്ല സ്വദേശി അരുൺ പ്രകാശ് നൽകിയ പരാതിയിൽ തിരുവല്ല പൊലീസും കേസെടുത്തിട്ടുണ്ട്
അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും അറിയിച്ചു. ദൃശ്യങ്ങൾ ഉൾപ്പെട്ട ഡിവിഡി കോടതിയിൽ സമർപ്പിച്ചു.
യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോ ശ്രദ്ധയിൽപെട്ടതിനെ തുടർന്നു കൊച്ചി സിറ്റി പൊലീസിന്റെ സൈബർ ഡോം വിഭാഗം, സമൂഹമാധ്യമത്തിലെ കുട്ടികൾ ഉൾപ്പെട്ട അശ്ലീലതയുമായി ബന്ധമുള്ള കുറ്റകൃത്യമാണിതെന്ന് കമ്മിഷണർക്കു റിപ്പോർട്ട് നൽകിയിരുന്നു.
അന്വേഷണ ഭാഗമായി ലാപ്ടോപ്, ഫോട്ടോ എടുക്കാനുപയോഗിച്ച സ്റ്റാൻഡ്, പെയ്ന്റ് മിക്സിങ് സ്റ്റാൻഡ്, കളർ ബോട്ടിൽ, ബ്രഷ്, മൊബൈൽ ഫോൺ തുടങ്ങിയവ കണ്ടെടുത്തു.
ലാപ്ടോപ്പും മൊബൈൽ ഫോണും തൃപ്പൂണിത്തുറയിലെ റീജനൽ സൈബർ ഫൊറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചു.