പ്ലസ്ടു പരീക്ഷയിൽ എല്ലാവിഷയത്തിലും തോറ്റവർക്ക് ഫുൾ അൽഫാം സൗജന്യം

മലപ്പുറം: പരീക്ഷകളിൽ തോൽവി സാധാരണമാണ്. എന്നാൽ തോറ്റവരെ ഇന്നും എന്നും ചിലർ അവ​ഗണിക്കാറുണ്ട്. പരീക്ഷയിൽ തോറ്റവരെ ഒരിക്കലും അവഗണിക്കരുതെന്നാണ് മാനസികാരോഗ്യ വിദഗ്ധരടക്കം വ്യക്തമാക്കുന്നത്. തോറ്റവരെ ഒരിക്കലും മാറ്റിനിർത്തരുതെന്നതിനൊപ്പം വ്യത്യസ്തമായ കച്ചവട രീതിയുമായി രംഗത്തെത്തിയിരിക്കുകയാണ് മലപ്പുറത്തെ അരീക്കോട് കാവനൂരിലെ ഒരു കാറ്ററിങ് സ്ഥാപനം.

മരുപ്പച്ച എന്ന കാറ്ററിങ് സ്ഥാപനത്തിന്റെ ഉടമ സക്കീർ ഹുസൈനാണ് വേറിട്ട രീതി പരീക്ഷച്ചത്. പ്ലസ്ടു പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് കിട്ടിയവർക്ക് 80 രൂപയ്ക്ക് മന്തി റൈസും അൽഫാമും, പ്ലസ്ടു പരീക്ഷ വിജയിച്ച എല്ലാവർക്കും 49 രൂപയ്ക്ക് ചിക്കൻ ബിരിയാണി, പ്ലസ്ടു പരീക്ഷയിൽ എല്ലാവിഷയത്തിലും തോറ്റവർക്ക് ഫുൾ അൽഫാം സൗജന്യം’ എന്നാണ് മരുപച്ചയുടെ പുതിയ പരസ്യം.

പ്ലസ്ടു പരീക്ഷയിൽ തോറ്റ 25 കുട്ടികൾക്ക് അന്നേ ദിവസം ഫുൾ അൽഫാം സൗജന്യമായി നൽകിയെന്നും സക്കീർ ഹുസൈൻ പറയുന്നു. എന്തായാലും സക്കീറിന്റെ പുതിയ പരസ്യവും മരുപ്പച്ചയും വൈറലായി. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ നൂറിലേറെ കുട്ടികളും വന്നു. പ്ലസ്ടു പരീക്ഷയിൽ വിജയിച്ചവർക്കുള്ള 49 രൂപയുടെ ചിക്കൻ ബിരിയാണി 250-ലേറെ കുട്ടികൾ വാങ്ങനെത്തി. പല വാട്സാപ്പ് ഗ്രൂപ്പുകളിലും ഓഫറിന്റെ പോസ്റ്റർ പ്രചരിച്ചു. അതുകൊണ്ട് കൂടുതൽ പേർ ഇക്കാര്യമറിഞ്ഞതെന്നും സക്കീർ പറയുന്നു. കഴിഞ്ഞ 15 വർഷമായി കാറ്ററിങ് മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് മരുപ്പച്ച.