സിഡ്നി: കൊറോണ വൈറസ് ബാധ ഇരുപത് മിനിറ്റിനുള്ളിൽ കണ്ടെത്താൻ സഹായിക്കുന്ന പരിശോധന സംവിധാനം കണ്ടെത്തി ഓസ്ട്രേലിയൻ ഗവേഷകർ. ബയോപ്രിയയും മൊനാഷ് സര്‍വകലാശാലയിലെ കെമിക്കല്‍ എന്‍ജിനീയറിങ് വിഭാഗവും ചേര്‍ന്നാണ് ഗവേഷണം നടത്തിയത്. കണ്‍വര്‍ജന്‍റ് ബയോ നാനോ സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ എആര്‍സി സെന്‍റര്‍ ഫോര്‍ എക്സലന്‍സില്‍ നിന്നുള്ള ഗവേഷകരും പഠന സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ പരിശോധനയിലൂടെ ഓരോ മണിക്കൂറിലും നൂറ് കണക്കിന് സാംപിളുകൾ പരിശോധന വിധേയമാക്കാനും സാധിക്കുമെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു.
നിലവിൽ രോഗമുണ്ടോ എന്നും മുമ്പ് രോഗമുണ്ടായിരുന്നോ എന്നും ഈ പരിശോധനയിലൂടെ കണ്ടെത്താൻ സാധിക്കുമെന്ന് മൊനാഷ് സർവ്വകലാശാലയിലെ ഗവേഷകർ അവകാശപ്പെടുന്നു. ലോകത്തിലാദ്യമായിട്ടാണ് ഈ നീക്കമെന്നും അവർ അവകാശപ്പെടുന്നതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
രക്ത സാംപിളുകളില്‍ നിന്ന് 25 മൈക്രോലിറ്റര്‍ പ്ലാസ്‍മ എടുത്ത് ചുവന്ന രക്താണുക്കളെ സംയോജിപ്പിച്ചാണ് കൊറോണ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തുന്നതെന്ന് ഇവർ പറയുന്നു. നിലവില്‍ സ്വാബ് പരിശോധനയിലൂടെയാണ് രക്തത്തിലെ വൈറസ് സാന്നിധ്യം കണ്ടെത്തുന്നത്. ഓസ്ട്രേലിയയിൽ 11000 പേർക്കാണ് കൊറോണ ബാധ. 116 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.