വര്‍​ഗീ​സ് ജോ​ര്‍​ജ് പിൻവാങ്ങി; ശ്രേയാംസ് കുമാർ എ​ൽ​ജെ​ഡി സംസ്ഥാന പ്രസിഡൻ്റായി തുടരും

​ന്യൂഡെല്‍​ഹി: നാടകീയ നീക്കങ്ങൾക്കൊടുവിൽ ലോ​ക്താ​ന്ത്രി​ക് ജ​ന​താ​ദ​ൾ (എ​ൽ​ജെ​ഡി) സംസ്ഥാന പ്രസിഡൻ്റ് പദത്തെ ചൊല്ലി പാർട്ടിയിൽ നിലനിന്ന ഭിന്നതയ്ക്ക് വിരാമം. പുതിയ സം​സ്ഥാ​ന പ്രസിഡൻ്റിനെ നിയമിച്ച കേന്ദ്ര നടപടിക്കെതിരേ പ്രതിഷേധം ശക്തമായപ്പോൾ നിയുക്തപ്രസിഡൻ്റ് സ്വയം പിൻവാങ്ങി. പാർട്ടി സംസ്ഥാന പ്രസിഡൻ്റ് എംവി ശ്രേ​യാം​സ് കു​മാ​റി​നെ പാ​ർ​ട്ടി​ ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ച് ഡോ. ​വ​ര്‍​ഗീ​സ് ജോ​ര്‍​ജി​നെ സംസ്ഥാന പ്രസിഡൻ്റാക്കിയ നടപടിയാണ് പാർട്ടിയിൽ ശക്തമായ പ്രതിഷേധത്തിനിടയാക്കിയത്.തുടർന്നായിരുന്നു പുതിയ പ്രസിഡൻ്റിൻ്റെ പിൻമാറ്റം.

വർഗീ​സ് ജോ​ര്‍​ജി​നെ പ്ര​സി​ഡ​ന്‍റാ​ക്കി​യ തീ​രു​മാ​നം സം​സ്ഥാ​ന സ​മി​തി അം​ഗീ​ക​രി​ക്കി​ല്ലെ​ന്നു നിയമനം പ്രഖ്യാപിച്ച ഉടൻ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷേ​ക്ക് പി. ​ഹാ​രി​സ് വ്യക്തമാക്കിയിരുന്നു. എൽജെഡി സംസ്ഥാന ഭാരവാഹികളും എക്സിക്യൂട്ടിവ് അംഗങ്ങളും പോഷക സംഘടനാ ഭാരവാഹികളും ഒറ്റക്കെട്ടായി ശ്രേയാംസ് കുമാറിനെ പിന്തുണച്ച് രംഗത്തെത്തിയതോടെ വർഗീസ് ജോർജ്‌ പ്രസിഡൻ്റ് സ്ഥാനത്തേക്കില്ലെന്നറിയിച്ച് സ്വയം പിൻവാങ്ങുകയായിരുന്നു. വ്യാഴാഴ്ച ചേർന്ന സംസ്ഥാന കമ്മിറ്റിക്ക് മുമ്പേ തന്നെ വർഗീസ് ജോർജ് തീരുമാനം അറിയിച്ച് ശ്രേയാംസ് കുമാറിനെ വിളിച്ച് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

അതേസമയം ഓൺലൈനിൽ നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ അംഗങ്ങൾ ശ്രേയാംസ് കുമാറിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു. ശ്രേയാംസ് കുമാർ എൽജെ ഡി സംസ്ഥാന പ്രസിഡൻ്റും വർഗീസ് ജോർജ് ദേശീയ ജനറൽ സെക്രട്ടറിയുമായി തുടരുമെന്ന് കേന്ദ്ര നേതൃത്വവും വ്യക്തമാക്കി. തുറന്ന ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന് കരുതിയ ഭിന്നിപ്പ് ഇതോടെ അവസാനിച്ചു.

എംപി വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ മ​ര​ണ​ത്തോടെ ഒഴിവുവന്ന രാജ്യസഭാ സീറ്റ് ശ്രേയാംസ്കുമാറിന് നൽകാൻ പാർട്ടി നേരത്തേ തീരുമാനിച്ചിരുന്നു. ഇക്കാര്യ മുന്നയിച്ച് ഇടതുമുന്നണി നേത്യത്വത്തിനും പാർട്ടി കത്ത് നൽകിയിട്ടുണ്ട്.